മുംബൈ: ടെസ്റ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച വിരാട് കോലിയെയും രോഹിത് ശര്‍മയെയും ഇനി എന്ന് ഇന്ത്യൻ കുപ്പായത്തില്‍ കാണാനാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കുകയാണ് ഇരുവരുടെയും ലക്ഷ്യമെന്നാണ് കരുതുന്നത്.
2023ലെ ഏകദിന ലോകകപ്പില്‍ കൈയകലത്തില്‍ നഷ്ടമായ കിരീടം സ്വന്തമാക്കി രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയാനാണ് ഇരുവരും ആഗ്രഹിക്കുന്നതെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ 2027ലെ ഏകദിന ലോകകപ്പിന് ഇനിയും രണ്ട് വര്‍ഷം ബാക്കിയുണ്ട്. അപ്പോഴേക്കും രോഹിത്തിന് 39ഉം കോലിക്ക് 38ഉം വയസാവും.
ഇരുവരും ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും ഏകദിന ലോകകപ്പ് വരെ 24 ഏകദിന മത്സരങ്ങളാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. 2027ലാണ് ഏകദിന ലോകകപ്പ് നടക്കുന്നത് എന്നതിനാല്‍ അടുത്ത വര്‍ഷമാണ് ഇന്ത്യ കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വര്‍ഷം ആറ് ഏകദിന മത്സരങ്ങള്‍ മാത്രമാണ് ഇനി ഇന്ത്യ കളിക്കുക. ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയാണ് ഇതില്‍ ആദ്യത്തേത്. ബംഗ്ലാദേശിലെ ആഭ്യന്തര സംഘര്‍ഷം കാരണം ഈ പരമ്പര അനിശ്ചിതത്വത്തിലായാല്‍ ഇരുവരെയും വീണ്ടും ഇന്ത്യൻ ജേഴ്സിയില്‍ കാണാന്‍ ആരാധകര്‍ ഒക്ടോബര്‍ വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടിവന്നേക്കാം.
ഒക്ടോബര്‍ 19 മുതല്‍ 25വരെ ഇന്ത്യയും ഓസ്ട്രേലിയും തമ്മില്‍ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ കളിക്കും. ഈ പരമ്പരയിലാകും ഇരുവരെയും വീണ്ടും ഇന്ത്യൻ കുപ്പായത്തില്‍ കാണാനാകുക എന്നാണ് കരുതുന്നത്. ഒക്ടോബറില്‍ ഓസ്ട്രേലിയക്കെതിരായ പരമ്പര കഴിഞ്ഞാല്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ ആറ് വരെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കും. മൂന്ന് മത്സരങ്ങളാണ് ഈ പരമ്പരയിലുമുള്ളത്.
2026 ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സര ഏകദിന പരമ്പര കഴിഞ്ഞാല്‍ പിന്നീട് ജൂണില്‍ മാത്രമാണ് ഇന്ത്യക്ക് ഏകദിന പരമ്പരയുള്ളത്. അഫ്ഗാനിസ്ഥാനെതിരെയാണ് 2026 ജൂണില്‍ ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നത്. പിന്നീട് സെപ്റ്റംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെയും ഡിസംബറില്‍ ശ്രീലങ്കക്കെതിരെയും മൂന്ന് മത്സരങ്ങള്‍ വീതം അടങ്ങിയ ഏകദിന പരമ്പരകളില്‍ ഇന്ത്യ കളിക്കും.
അടുത്ത രണ്ട് വര്‍ഷത്തെ ഇന്ത്യയുടെ ഏകദിന മത്സരക്രമം
- ബംഗ്ലാദേശ് vs ഇന്ത്യ, ഓഗസ്റ്റ് 2025 – 3 ഏകദിനങ്ങൾ (ഓഗസ്റ്റ് 17-23)
- ഓസ്ട്രേലിയ vs ഇന്ത്യ, ഒക്ടോബർ 2025 – 3 ഏകദിനങ്ങൾ (ഒക്ടോബർ 19-25)
- ഇന്ത്യ vs ദക്ഷിണാഫ്രിക്ക, നവംബർ-ഡിസംബർ 2025 – 3 ഏകദിനങ്ങൾ (നവംബർ 30-ഡിസംബർ 6)
- ഇന്ത്യ vs ന്യൂസിലാൻഡ്, ജനുവരി 2026 – 3 ഏകദിനങ്ങൾ
- ഇന്ത്യ vs അഫ്ഗാനിസ്ഥാൻ, ജൂൺ 2026 – 3 ഏകദിനങ്ങൾ
- ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്, സെപ്റ്റംബർ 2026 – 3 ഏകദിനങ്ങൾ
- ന്യൂസിലാൻഡ് vs ഇന്ത്യ, ഒക്ടോബർ-നവംബർ 2026 – 3 ഏകദിനങ്ങൾ
- ഇന്ത്യ vs ശ്രീലങ്ക, ഡിസംബർ 2026 – 3 ഏകദിനങ്ങൾ