
ഡല്‍ഹി: ഒക്ടോബറില്‍ നടക്കുന്ന ആസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയോടെ രോഹിതും കോഹ്‍ലിയും വിരമിക്കുമെന്ന് അഭ്യൂഹം.
ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച അഭ്യൂഹം ഉയർത്തിവിട്ടത്. ടെസ്റ്റില്‍ നിന്നും ട്വന്റി 20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇരുവരും നിലവില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് തുടരുന്നത്. 2027 ഏകദിന ലോകകപ്പിന് ശേഷമേ ഇരുവരും ഏകദിനം മതിയാക്കൂ എന്ന വാർത്തകള്‍ക്കിടെയാണ് പുതിയ അഭ്യൂഹം.
ലോകകപ്പ് ടീമില്‍ ഇടംപിടിക്കണമെങ്കില്‍ ഇരുവരും ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ കളത്തിലിറങ്ങേണ്ടിവരും. ടെസ്റ്റ് ടീമില്‍ ഇടംപിടിക്കണമെങ്കില്‍ രഞ്ജി ട്രോഫി കളിക്കണമെന്ന ഉപാധിക്ക് തുല്യമാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വർഷം ഡിസംബർ മുതലാണ് വിജയ് ഹസാരെ ട്രോഫി അരങ്ങേറുന്നത്. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിന് ശേഷം കോഹ്ലിയും രോഹിതും രഞ്ജി ട്രോഫിയില്‍ കളത്തിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വിജയ് ഹസാരെ ട്രോഫി മാനദണ്ഡമാക്കിയാകും സെലക്ഷൻ നടപടികള്‍ എന്ന് വ്യക്തമായതോടെയാണ് ഇരുവരുടെയും വിരമിക്കലിനെച്ചൊല്ലി അഭ്യൂഹങ്ങള്‍ ഉയർന്നത്. കൂടാതെ മികച്ച യുവനിരയുടെ സാന്നിധ്യമുള്ളതും ഈ അഭ്യൂഹത്തിന് ശക്തിപകരുന്നു.