‘ഇതാണ് യഥാര്‍ത്ഥ സ്നേഹം’; തന്റെ പ്രിയതമയായ പിടക്കോഴിയുടെ മരണത്തില്‍ മനംനൊന്ത പൂവന്‍ കോഴി ഹൃദയം പൊട്ടി മരിച്ചു; വൈറലായ വീഡിയോയുടെ യാഥാർത്ഥ്യം കണ്ടെത്തിയ ശാസ്ത്ര പ്രചാരകനായ ബൈജുരാജ് പറയുന്നതിങ്ങനെ…
കോഴിക്കോട്: തന്റെ പ്രിയതമയായ പിടക്കോഴിയുടെ മരണത്തില്‍ മനംനൊന്ത ഒരു പൂവന്‍ കോഴി ഹൃദയം പൊട്ടി മരിച്ചു. അമ്പരക്കണ്ട, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സാപ്പില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഒരു പിടക്കോഴിയുടെ ശവത്തിന് ചുറ്റും അല്‍പ്പംനേരം ചുറ്റി നടന്ന പൂവന്‍ കോഴി, പിന്നെ അതിനടത്ത് ചത്തുമലച്ച് വീഴുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.
തുടര്‍ന്ന് അതിന്റെ ക്യാപ്ഷ്നിലും, വിവരണത്തിലും ഒരുപോലെ പറയുന്നത്, ഈ പൂവന്‍കോഴി തന്റെ ഇണയുടെ വേര്‍പാടിനെ തുടര്‍ന്ന് ഹൃദയം പൊട്ടി മരിച്ചുവെന്നാണ്.
‘ഇതാണ് യഥാര്‍ത്ഥ സ്നേഹം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാവുന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യം പരിശോധിക്കുകയാണ് ശാസ്ത്ര പ്രചാരകനും, പ്രഭാഷകനുമായ ബൈജുരാജ്. തന്റെ ശാസ്ത്രലോകം യുട്യൂബ് ചാനലില്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കോഴികള്‍ക്ക് കരുണയും സഹതാപവും, സ്നേഹവുമൊക്കെയുണ്ട്. സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികളുടെ അടുത്തേക്ക് ഓടിവരുന്ന കോഴികളുടെ വീഡിയോ നാം കാണാറുണ്ട്. കോഴികള്‍ക്ക് ആളുകളെയും സ്ഥലവുമെല്ലാം ഓര്‍ത്തുവെക്കാന്‍ സാധിക്കാറുണ്ട്.
സ്നേഹിക്കാനും കഴിയും. അതിന്റെ കുഞ്ഞുങ്ങള്‍ അടുത്തുണ്ടെങ്കില്‍ കോഴി എത്രമാത്രം സ്നേഹം കാണിക്കുമെന്നും നമുക്ക് അറിയാം.കോഴി ഒരു സമൂഹ ജീവിയാണ്. അതിന്റെ കൂട്ടുകാരെയും ബന്ധുക്കളെയുമൊക്കെ അതിന് തിരിച്ചറിയാന്‍ കഴിയും. പക്ഷേ തന്റെ പ്രിയതമ മരിച്ചാല്‍ ഇത്രമാത്രം വിഷമം അതിന് ഉണ്ടാവുമോ?
അതിന് തെളിവൊന്നുമില്ല. എന്നാല്‍, കോഴികളും കിളികളുമെല്ലാം പെട്ടെന്ന് പേടിക്കുന്നവയാണ്. അങ്ങനെ അവക്ക് ഹാര്‍ട്ട് അറ്റാക്കും ഉണ്ടാവാറുണ്ട്. ഏകദേശം, 250-300 വരെയാണ് ഒരു മിനുട്ടില്‍ കോഴിയുടെ ഹാര്‍ട്ട് ബീറ്റ്. മനുഷ്യന് വെറും 70-75 ഒക്കെയെയുള്ളൂ. അതിന്റെ നാലിരിട്ടിയാണ് കോഴിയുടെ ഹാര്‍ട്ട് ബീറ്റ്. അതുകാരണം തന്നെ അതിന് ഹൃദയസ്തംഭനം പെട്ടെന്ന് ഉണ്ടാവാം.
ഹമ്മിങ് ബേഡുകള്‍ ആണെങ്കില്‍ ഒരു മിനുട്ടില്‍ 1200 ഒക്കെയാണ് ഹൃദയ സ്പന്ദന നിരക്ക്. അതായത് ഒരു സെക്കന്‍ഡില്‍ 20 തവണ. അതുകാരണം ഹമ്മിങ്ങ് ബേഡുകള്‍ക്ക് പെട്ടെന്ന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവാം. ഇനി ആരെങ്കിലും അതിന് സിപിആര്‍ കൊടുക്കയോ, ഒന്ന് അനക്കിക്കൊടുക്കയോ ചെയ്താല്‍ അതിന് ജീവന്‍ തിരിച്ചു കിട്ടും. ഹാര്‍ട്ട് വര്‍ക്കിങ്ങ് ആവും.
അതുപോലെ കോഴികള്‍ക്കും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ബ്രോയിലര്‍ കോഴികള്‍ക്ക്. അതിന്റെ ശരീരഭാരം വളരെ കൂടുതല്‍ ആയിരിക്കും. കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് പലപ്പോഴും കാണാറുണ്ട്. എന്നാല്‍, നമുക്ക് നേരിട്ട് കാണാനുള്ള സാഹചര്യം വളരെ കുറവാണ്.’- ബൈജുരാജ് പറഞ്ഞു.
‘ഈ വീഡിയോ പരിശോധിച്ചാല്‍ കോഴിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്നതിന് മുമ്പ് ക്യാമറാമാന്‍ വീഡിയോ സ്റ്റഡിയായി നിര്‍ത്തിയിട്ടുണ്ട്. കുറേ സമയം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടാവും. ഇടക്ക് കട്ടാവുന്നുണ്ടെന്ന് വ്യക്തമാണ്. ഒരു സ്‌ക്രിപ്റ്റ് എഴുതിയുണ്ടാക്കിയപോലെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. അതുകാരണം തന്നെ സംശയം തോന്നി.
ഈ വീഡിയോയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ്, ഇതിനകത്തുള്ള ചില ഭാഗങ്ങള്‍ കിട്ടിയത്. ആ വീഡിയോ ഭാഗങ്ങളില്‍ കോഴി ഞൊണ്ടി ഞൊണ്ടി, വളരെ പ്രയാസപ്പെട്ടാണ് പിടക്കോഴിയുടെ മുന്നിലേക്ക് വരുന്നത്. വരുമ്പോള്‍ തന്നെ അത് ആടുന്നുണ്ട്.
സത്യത്തില്‍, ഈ പൂവന്‍ കോഴി പിടക്കോഴിയുടെ അടുത്തേക്ക് വരുന്നത് ഇണ ചേരുന്നതിന് വേണ്ടിയാണ്. അതിന് ഈ വീഡിയോയില്‍ പറയുന്നതുപോലെ സ്നേഹം ഉണ്ടോ എന്ന് അറിയില്ല. ഇങ്ങനെ ചെയ്തതിന്റെ പിന്നാമ്പുറത്ത് ഈ കോഴിക്ക് വിഷം കഴിക്കാന്‍ കൊടുക്കുകയോ, കുത്തിവെക്കുകയോ ചെയ്തിട്ടുണ്ടെന്ന് സംശയിക്കേണ്ടതുണ്ട്.
അതുകൊണ്ടാണ് കോഴി, ഇങ്ങനെ ആടി വരുന്നത്. അത് പിടക്കോഴിയുടെ അടുത്ത് ഇണചേരാനായിട്ട് വന്നു. പക്ഷേ വിഷം ഉള്ളില്‍ ചെന്ന് മരിക്കുകയാണ് ഉണ്ടായത്. ഇവിടെ വീഡിയോ ഷൂട്ട് ചെയ്തയാള്‍ ഒരു കഥയുണ്ടാക്കുകയാണ്. ശരിക്കു പറഞ്ഞാല്‍ ഇതൊരു ആനിമല്‍ അബ്യൂസ് ആണ്. ഫേക്ക് ആനിമല്‍ റസ്‌ക്യൂ വീഡിയോയാണ്.
ഇതുപോലെ പൊന്‍മാനെ വാഴയില്‍ കുത്തിവെച്ചിട്ട് രക്ഷിക്കുന്നതും, ചെറിയ കുരങ്ങന്‍ കുഞ്ഞിനെ കിണിറ്റിലേക്ക് എറിഞ്ഞ് അതിനെ രക്ഷിക്കുന്നവരും ഉണ്ട്. യഥാര്‍ത്ഥത്തില്‍ അവര്‍ വെറും നാടകമാണ് നടത്തുന്നത്. ഈ ജീവികളുടെ ജീവന്‍ അപകടത്തില്‍പെടുത്തുകയാണ് ചെയ്യുന്നത്. ‘- ബൈജുരാജ് വ്യക്തമാക്കി.