പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ റോഡരികിലെ വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള നിലവിളി കേട്ടു; ഓടിച്ചെന്നപ്പോള്‍ കണ്ടത് യുവതി വീട്ടില്‍ പ്രസവിക്കുന്ന രംഗം; അപകടാവസ്ഥയിലായ യുവതിക്കും കുഞ്ഞിനും തുണയായത് മാത്യു- ഗ്രേറ്റല്‍ ദമ്പതികള്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍
പട്ടിക്കാട്: അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവം നടന്നപ്പോള്‍ യുവതിക്ക് രക്ഷകരായത് പ്രഭാത സവാരിക്കിറങ്ങിയ ദമ്പതികള്‍. രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഇടപ്പാറ മാത്യുവും ഭാര്യ ഗ്രേറ്റലും. അപ്പോഴാണ് റോഡരികിലെ വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടത്. ഓടിച്ചെന്നപ്പോള്‍ കണ്ടത് യുവതി വീട്ടില്‍ പ്രസവിക്കുന്നതാണ്. യുവതി രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഭര്‍ത്താവ് അടുത്തുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലും. ദമ്പതികള്‍ വാടക വീട്ടില്‍ തനിച്ചായിരുന്നു താമസം.
നഴ്സായ ഗ്രെറ്റല്‍ ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് പൊക്കിള്‍ക്കൊടി മുറിച്ചെങ്കിലും കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം കുഞ്ഞ് കരയാന്‍ തുടങ്ങി. അപ്പോഴേക്കും മറ്റുള്ളവര്‍ വിവരമറിഞ്ഞെത്തി. മുന്‍ പഞ്ചായത്ത് അംഗം പി.ജെ. അജി, നാട്ടുകാരായ ബെന്നി, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സ് വരുത്തി. നടക്കാനിറങ്ങിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന നാട്ടുകാരിയായ ഷീബ സന്തോഷ് കുഞ്ഞിനെ ടവലില്‍ പൊതിഞ്ഞെടുത്തു. അമ്മയെയും കുഞ്ഞിനെയും പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസം തികയും മുന്നേ വീട്ടില്‍ പ്രസവിച്ചപ്പോള്‍ അമിത രക്തസ്രാവമുണ്ടായി അപകടാവസ്ഥയിലായ യുവതിക്കും അനക്കമറ്റ കുഞ്ഞിനും തുണയാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇടപ്പാറയിലെ ഈ യുവദമ്പതികള്‍.