
കാലം ഇനിയും ഒരുപാടുണ്ട്, അദ്ദേഹം നൂറുകൊല്ലം ജീവിക്കണം’
സ്വന്തംലേഖകൻ
കോട്ടയം : മോഹന്‍ലാലിന്റെ അഭിനയ വൈഭവത്തെപ്പറ്റിയുള്ള തമിഴ് തിരക്കഥാകൃത്ത് എം.കെ മണിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.
തമിഴില്‍ രചിച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് മലയാളത്തിലെ പ്രമുഖ സിനിമഗ്രൂപ്പുകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. തമിഴിലുള്ള പോസ്റ്റിന്റെ കീഴില്‍ അനേകം തമിഴ് ആരാധകര്‍ മോഹന്‍ലാലിനെ പ്രശംസിച്ചും, അഭിനന്ദിച്ചും കമന്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ മലയാള പരിഭാഷ..
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറ്റത്തെ കിളിക്കൂട് എന്ന സിനിമ. ഭരതന്‍ സംവിധാനം ചെയ്തതാണ്. ലാല്‍ അല്ല ആ സിനിമയുടെ കഥാനായകന്‍. അതില്‍ ഗോപിയുടെ ഭാര്യയായിട്ട് ശ്രീവിദ്യയാണ്. മെല്ലെ അവരെ അടുത്തറിയുന്ന ലാല്‍ ‘നിങ്ങള്‍ക്ക് എന്റെ അമ്മയുടെ ഛായയുണ്ട്’ എന്നു പറയണം. അമ്മയുടെ ശബ്ദം പോലും ചേച്ചിയുടേത് പോലെ തന്നെയിരിക്കും എന്നൊക്കെയുള്ള സംഭാഷണങ്ങള്‍. ഭരതന് ആ സീന്‍ ക്‌ളീഷേ ആവരുത് എന്നുണ്ടായിരിക്കാം. പക്ഷെ അത് ലാല്‍ അഭിനയിച്ഛ് ഫലിപ്പിക്കുക എന്ന ഘടകം ഉണ്ടല്ലോ. 23 വയസ്സാണ് അന്ന് ലാലിന്. ജീവിതത്തെക്കുറിച്ച് എന്ത് കാഴ്ചപ്പാടാണ് ഒരു ഇരുപത്തിമൂന്നുകാരന് ഉണ്ടാവുക? ഒട്ടും അതിഭാവുകത്വമില്ലാതെ അയാള്‍ അത് പറയുമ്പോള്‍ കണ്ടവരൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ടാവും. ഞാനും. കൗതുകം എന്താണെന്ന് വെച്ചാല്‍, ലാലിന്റെ പ്രായത്തിനൊപ്പം ലാലും വളര്‍ന്നുവന്നു.
വാനപ്രസ്ഥം എന്ന സിനിമയില്‍ ഒരു സീനില്‍ – ഒരു ചെറിയ വീട്ടുമുറ്റത്തില്‍ കയറുകട്ടിലില്‍ നിന്നു ഞെട്ടി ഉറക്കമുണര്‍ന്ന് ഇരിക്കുന്ന മദ്യപാനിയായ ഒരു കഥകളികാരന്റെ മുഖം വരുത്തുന്നത് നോക്കൂ, നേരത്തെ പറഞ്ഞ സിനിമയ്ക്കും ഈ സിനിമയ്ക്കും ഇടയിലുണ്ട് ലാലിന്റെ എല്ലാ നേട്ടങ്ങളും!
ലാലിന് ഇന്ന് പിറന്നാളാണ്. അവിടുത്തെ super star-ആണ് അദ്ദേഹം. അയാള്‍ ആഘോഷിക്കപ്പെടുമ്പോള്‍ തന്നെ വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. കേരളം ഇന്ന് പുതിയ മുഖം ധരിച്ചിരിക്കുകയാണ്. പുതിയ തരം സിനിമകള്‍ അവിടെ സൃഷ്‌കിട്ടപ്പെടുന്നുണ്ട്. പുതിയ തലമുറയുടെ തിരക്കഥകളില്‍ അദ്ദേഹം എഴുതപ്പെടുന്നുണ്ടോ എന്നെനിക്ക് അറിഞ്ഞുകൂടാ. പക്ഷെ വളരെ വിസ്താരമുള്ളതാണ് അദ്ദേഹത്തിന്റെ കഴിവ്. എല്ലാ തരം മുഖങ്ങളിലേക്കും കയറാനും നിലച്ചുനിക്കാനും അയാള്‍ക്ക് കഴിയും. ഒരു വലിയ കലാജീവിതം തന്നെ നയിച്ച അദ്ദേഹത്തിന് നമ്മുടെ വക ഞാന്‍ ഹൃദ്യമായ ആശംസകള്‍ നേര്‍ന്നുകൊള്ളട്ടെ. ചില സിനിമകള്‍ ഉണ്ട്.
ജനങ്ങളുടെ മനസ്സില്‍ അദ്ദേഹം ഇടം പിടിച്ചത് ആ സിനിമകളിലൂടെയാണ്. കുറേ തമാശയും കുസൃതിയും നിറഞ്ഞ സിനിമകളില്‍ ലാല്‍ അത്തരമൊരു മുഖം അണിഞ്ഞ് ആസ്വധിപ്പിച്ചു. ഇപ്പോഴും T.P.Balagopalan M A-ഉം, വരവേല്‍പും അത്ഭുതപ്പെടുത്തും. അതിലൊക്കെ ലാല്‍ കുസൃതിയുള്ള ഒരു പയ്യനെ പോലെ ചെയ്യുന്ന കാര്യങ്ങള്‍ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം പോലുള്ള സിനിമകളില്‍ അത് തുടര്‍ന്നുകൊണ്ടേയിരുന്നു എന്ന് വേണം പറയാന്‍. ഇത്തരം സിനിമകളില്‍ നിന്നാണ് മെല്ലെ വേറെ തരം സിനിമകളിലേക്ക് കരയടുപ്പിച്ചത്. രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ ഗുണ്ടയായി; സുഖമോ ദേവി പോലുള്ള റൊമാന്‍സ് പടങ്ങളില്‍; താളവട്ടം പോലെ തീവ്രമായ സിനിമകളില്‍; പദ്മരാജന്‍ എഴുതിയ നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളില്‍. ഇവയൊന്നിലും പെടാതെ എം.ടി. എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്‌നിയില്‍. അദ്ദേഹത്തിന്റെ സിനിമകള്‍ ഒരു linear filmography-ആയി പറയാന്‍ താല്‍പര്യമില്ല. പക്ഷെ ഇന്ന് കാണുന്ന ഉയരത്തില്‍ വളരാന്‍ അദ്ദേഹത്തിന് വഴിയൊരുക്കിയ ഘടകങ്ങള്‍ പറയാതിരിക്കാന്‍ വയ്യ. ഒരു നടന്റെ മികവ് എന്നത് അയാള്‍ വളര്‍ത്തെടുക്കുന്ന ഭാവനയാണ്. മലയാളത്തില്‍ നല്ല എഴുത്തുകാരും സംവിധായകരും ഉണ്ടായതും അവരെല്ലാരുമായും സിനിമകള്‍ ചെയ്യാന്‍ സാധിച്ചതും പലതരത്തില്‍ ഇദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാവണം. മലയാള സിനിമയുടെ സുവര്‍ണകാലം എന്നറിയപ്പെട്ട സമയത്ത്, മമ്മൂട്ടി ഒരു മത്സരാര്ഥിയായി കൂടെ ഉണ്ടായതും ഒരുപാട് ഗുണം ചെയ്തു എന്ന് പറയാതെ വയ്യ. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ നടുപ്പാതിരായ്ക്ക് ലോറിയോടിച്ഛ് വീട്ടില്‍ വന്നു അമ്മയെ ഉണര്‍ത്തി അനിയാനൊപ്പം(ബന്ധു) ഇരുന്നു ഭക്ഷണം കഴിക്കുന്നിടത്തെല്ലാം പദ്മരാജന്‍ എന്ന എഴുത്തുകാരന്‍ നിറഞ്ഞു നില്‍ക്കുന്നു. പക്ഷെ ആ സിനിമയില്‍ ഉടനീളം കഠിനാധ്വാനത്തില്‍ തൃപ്തി കൊള്ളുന്ന ഒരുവന്റെ അഹങ്കാരം ലാല്‍ കൊണ്ടുനടക്കുന്നത് കാണാം. ശരിക്കും അത്ഭുതം തന്നെ! അത് അത്ര എളുപ്പത്തില്‍ വഴങ്ങുന്നതല്ല. അതുപോലെ തന്നെയാണ് ഭരതന്റെ താഴ്വാരവും. എനിക്കേറെ പ്രിയപ്പെട്ട സലീം ഗൗസ് ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ തന്നെ മറ്റൊരു മുഖമാണ്; എതിരാളിയാണ്. വാസ്തവത്തില്‍ അവര്‍ക്കിടയില്‍ ഉള്ള പക വളരെ ഉഗ്രമുള്ളതാണ്. ആളിപ്പടര്‍ന്ന് കത്തേണ്ട പക പൊതിഞ്ഞു മൂടിയ അവസ്ഥയിലാണ് തിരക്കഥ സഞ്ചരിക്കുന്നത്. സലീമിന് തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ തിരക്കഥയില്‍ ഉണ്ട്. പക്ഷേ ലാല്‍ മൗനം പാലിക്കണം. സലീം തകര്‍ത്താടുമ്പോള്‍ ലാല്‍ അടക്കിവെച്ച അമര്‍ഷം ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നുവേണം പറയാന്‍. മലബന്ധം ബാധിച്ചവന്റെ മുഖഭാവങ്ങളുടെ സഹായം ഇല്ലാതെതന്നെ ലാലിന് അത് സാധിച്ചു. സലീമിനെ കൊന്ന് അവസാനം ലാല്‍ നടന്നകലുമ്പോള്‍ നമ്മുക്കുണ്ടാവുന്ന തൃപ്തി പറഞ്ഞറിയിക്കാന്‍ വയ്യ. സദയം എന്ന തീവ്രമായ ഒരു സിനിമയുണ്ട്. എം.ടി. തന്നെയാണ് ഇതിനും തിരക്കഥ. തനിയാവര്‍ത്തനം ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ കാണാന്‍ ബുദ്ധിമുട്ടാണ് എന്നു പറയുന്നതുപോലെ തന്നെയാണ് ഈ സിനിമയ്ക്കും. തൂക്കിലിടാന്‍ വിധിക്കപ്പെട്ട കുറ്റവാളിയായിട്ടാണ് ലാല്‍. ശിക്ഷ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചതറിയിക്കുന്നിടത്ത് ലാല്‍ കാണിച്ചതെന്താണെന്നറിയാതെ അത്ഭുതപ്പെട്ട് നിന്നുപോയത് എം.ടി. പല അവസരങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്റെ സുഹൃത്ത് സുകായും(തമിഴ് എഴുത്തുകാരന്‍) ചര്‍ച്ചയ്ക്കിടെ പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. ആ നിമിഷങ്ങളില്‍ ലാല്‍ എന്താണ് ചെയ്യുന്നതെന്ന് ഇപ്പോഴും അറിഞ്ഞുകൂടാ. ലാലിന്റെ തുടക്കകാലത്തില്‍ വേറൊരു സംഭവം കൂടി ഉണ്ടായി. ലോഹിതദാസ് എന്ന മഹാനായ എഴുത്തുകാരനും സിബി മലയില്‍ പോലുള്ള സംവിധായകരുമായുള്ള കൂട്ടുകെട്ടില്‍ കുറെ സിനിമകള്‍ ചെയ്യാനുള്ള അവസരം ലാലിന് ലഭിച്ചു. വരിവരിയായി വന്ന ആ സിനിമകളെ ജനം കാത്തിരുന്നു സ്വീകരിച്ചു. കിരീടം, ദശരഥം,ഹിസ് ഹൈനസ് അബ്ദുള്ളാ, ധനം, ഭരതം, ചെങ്കോല്‍ തുടങ്ങിയ സിനിമകളിലെല്ലാം ജീവിതം നിറഞ്ഞാടിയിരുന്നു. പൊള്ളുന്ന വികാരങ്ങളെയാണ് അവ ചര്‍ച്ച ചെയ്തത്. മനുഷ്യസഹജമായ വികാരങ്ങളില്‍ ജീവിതം മുറവിളി കൂട്ടുമ്പോള്‍ മനുഷ്യരായിത്തന്നെ നിലനില്‍ക്കാന്‍ ആ കഥാപാത്രങ്ങള്‍ നടത്തുന്ന പോരാട്ടം പറയാന്‍ ലാല്‍ എന്ന കഴിവുള്ള നടന്‍ അവയില്‍ ഉണ്ടാവേണ്ടത് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ഘടകമായിരുന്നു. പ്രിയദര്‍ശന്റെ സിനിമകളും ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പൂര്‍ണ്ണതയില്ലാത്ത അദ്ദേഹത്തിന്റെ സിനിമകള്‍ മിക്കതും ലാല്‍ ഉണ്ടായിരുന്നത് കൊണ്ടു മാത്രം രക്ഷപെട്ടു എന്നു തന്നെ പറയണം. ലാല്‍ ഇല്ലായിരുന്നെങ്കില്‍ പ്രിയദര്‍ശന്‍ എന്ത് ചെയ്യുമായിരുന്നു എന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഒന്ന് തീര്‍ച്ചയായും പറയണം.
പുലിമുരുകന്‍ അല്ല ലാല്‍. മലയാളത്തിന്റെ വീഴ്ചയെന്നു പറഞ്ഞേക്കാവുന്ന സിനിമകള്‍ തന്നെയാണ് അതിന്റെ ചന്തനിലവാരം നിശ്ചയിക്കുന്ന സിനിമകള്‍ എന്നത് ഒരു തമാശയാണ്. ഒരു സൂപ്പര്‍ സ്റ്റാറും അതില്‍നിന്ന് മുക്തനല്ല. എന്നുവെച്ഛ് ലാല്‍ ലാലല്ലാതെയാവുമോ? സ്വന്തം മകനെ ഒരുനോക്ക് കാണാന്‍ കുഞ്ഞികുട്ടന്‍ എന്ന കഥകളിക്കാരന്‍ അലയുമ്പോള്‍, തലയ്ക്ക് മുകളില്‍ ഒരു പന്ത് ഉരുളുന്ന ശബ്ദം കേട്ട് കലങ്ങിപ്പോകുന്ന ഒരു ഭാവം മതി. നൂറു പുലിമുരുകന്‍മാരെ സഹിക്കാം. ഒരിക്കല്‍ കട്ടുപോയാല്‍ ജീവിതകാലം മുഴുവന്‍ അവന് ‘കള്ളന്‍’ എന്ന മുദ്രകുത്തി ശീലിച്ചവരല്ലേ നമ്മള്‍? കലാകാരനും അതു പാതകമല്ലേ?
അരവിന്ദന്റെ സിനിമയില്‍ ലാല്‍ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയ്ക്ക് വേണ്ട ഭാവുകത്വങ്ങള്‍ എന്താണെന്നും ലാലിനറിയാം.
അതിന്റെ നേരെതിരായിട്ടുള്ള സിനിമകളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്. ഉദാഹണനത്തിന് ദേവാസുരം. ചെങ്കോല്‍ പലരും കണ്ടിട്ടുണ്ടാവും. ജീവിതത്തിന്റെ കൊടുംകൈകള്‍ ഒരു മനുഷ്യന്റെ കഴുത്തു ഞെരിക്കുന്നത് എല്ലാ ക്രൂരതയോടും പറഞ്ഞ സിനിമ. ജയില്‍ശിക്ഷ കഴിഞ്ഞ് മീന്‍ വിറ്റ് ജീവിക്കുന്ന, അബദ്ധങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നയാളെ വലിച്ചിഴച്ച് തെരുവിലേക്ക് എറിയുന്നു. അപ്പോള്‍ ഒരു തീരുമാനമെടുത്ത് ലാല്‍ പറയുന്നുണ്ട് : ‘സമൂഹം തനിക്കൊരു മുള്‍ക്കിരീടം വെച്ച് തൂവല്‍ ചാര്‍ത്തി തന്നിരിക്കുന്നു’. ജ്വലിക്കുന്ന മുഖം ഏതാണെന് ചോദിച്ചാല്‍ അത് കാണിച്ചുകൊടുക്കാം. അതേ സിനിമയില്‍ തന്നെ വേറൊരു സീന്‍ ഉണ്ട്. ഒരുപാട് ആദരിച്ച അച്ഛന്‍ സ്വന്തം മകളെ വ്യഭചരിക്കാന്‍ ഒരു മുറിയിലേക്ക് അയച്ചിട്ട് അടുത്ത മുറിയില്‍ കാത്തിരിക്കുന്നു. അച്ഛന്‍ തിലകനാണ്. മകന്‍ ലാല്‍. അച്ഛന്‍ ചെയ്ത കാര്യം മകന്‍ അറിയുമ്പോള്‍ അയാള്‍ മുറിക്കകത്ത് ചെന്ന് ആത്മഹത്യ ചെയ്യുന്നു. വെറുത്തു വെറുത്തു തീര്‍ന്നപ്പോള്‍ തന്റെ അച്ഛനെ പറ്റിച്ചതെന്തെന്നു ഒരു ഘട്ടത്തില്‍ മകന്‍ തിരിച്ചറിയുന്നു, ഒരു ജ്ഞാനം കിട്ടിയപ്പോലെ. അവിടെ ഒരു സീന്‍ ഉണ്ട് – ഇനിയും പറഞ്ഞുനീട്ടുന്നില്ല. മോഹന്‍ലാല്‍ ഒരു മഹാനടന്‍ എന്നു ഞാന്‍ വീണ്ടും വീണ്ടും തിരിച്ചറിയുന്നു. കാലം ഇനിയും ഒരുപാടുണ്ട്.
അദ്ദേഹം നൂറ്‌കൊല്ലം ജീവിക്കണം. ഇപ്പോള്‍ ജനിച്ചുവീണ ഒരു കുഞ്ഞിന്റെ വളര്‍ച്ചയേയുള്ളൂ ഇന്ത്യന്‍ സിനിമയ്ക്ക്. കൈയും കാലും ഇനി വളരണമെത്രെ. കഥപറച്ചിലില്‍ ഊന്നി നില്‍ക്കുന്ന, വിഡ്ഢിത്തങ്ങള്‍ ഒരുപാടുള്ള ഈ അബദ്ധങ്ങളുടെ കാലം കഴിഞ്ഞ് പുതിയ പാതകള്‍ തൊടുമ്പൊഴായിരിക്കും ലാല്‍ എന്ന നടനെ വെല്ലുവിളിക്കുന്ന സിനിമകള്‍ ഇവിടെ ഉണ്ടാവുക. മേലേ വല്ല ഇടത്തും ഞാന്‍ വികാരം കൊണ്ടതായി തോന്നിയെങ്കില്‍ അത് ലാല്‍ സൃഷ്ടിക്കുന്ന മാജിക് ആണെന്നും ഞാന്‍ പറയട്ടെ.