video
play-sharp-fill

മിണ്ടാതെ സഹിക്കുവാൻ എനിക്ക് സൗകര്യമില്ല, എന്റെ ശരീരത്തിൽ എന്റെ അനുവാദം ഇല്ലാതെ ഒരുത്തനും കയറി പിടിക്കണ്ട

മിണ്ടാതെ സഹിക്കുവാൻ എനിക്ക് സൗകര്യമില്ല, എന്റെ ശരീരത്തിൽ എന്റെ അനുവാദം ഇല്ലാതെ ഒരുത്തനും കയറി പിടിക്കണ്ട

Spread the love

സ്വന്തംലേഖകൻ

കോട്ടയം : പട്ടാപകൽ പെട്രോൾ ഒഴിച്ച് കാമുകൻ കത്തിക്കുന്നത് ഉൾപ്പടെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുമ്പോൾ തനിക്കു നേരെ നടന്ന പരാക്രമം തുറന്നു പറഞ്ഞു വനിതാ ഡോക്ടർ. ഉച്ചക്ക് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്തു അപരിചിതനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം തന്റെ ഫേസ്ബുക് പേജിലൂടെ ഡോ. ഷിനു ശ്യാമളനാണ്‌ തുറന്നു പറഞ്ഞിരിക്കുന്നത്. ശരീരത്തിൽ സ്പർശിച്ച ചെറുപ്പക്കാരനെതിരെ പ്രതികരിച്ചിട്ടും ഹോട്ടൽ ഉടമസ്ഥർ പോലും തനിക്കൊപ്പം നിന്നില്ലന്നും വനിതാ ഡോക്ടർ പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നട്ടുച്ചക്ക് ഒരാൾ എന്നെ ശാരീരികമായി ഉപദ്രവിച്ചു. ആശുപത്രിയ്ക്ക് താഴെയുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കുവാൻ പോയതാണ് ഞാൻ.
കൈകഴുകുന്ന സ്ഥലത്തു ഒരു തടി കൊണ്ടുള്ള മറ വെച്ചിട്ടുണ്ട്. അവിടെ രണ്ടു വാഷ് ബേസിൻ ഉണ്ട്. അതിൽ ഒന്നിൽ ഒരു ചെറുപ്പക്കാരൻ കൈ കഴുകുന്നുണ്ട്. മറ്റേ വാഷ് ബേസിനിൽ ഞാൻ കൈ കഴുകുവാൻ തുടങ്ങി. പെട്ടെന്ന് എന്റെ പിറകിൽ ഒരു കൈ ഇഴയുന്നത് ഞാൻ അറിഞ്ഞു. തൊടുക ആയിരുന്നില്ല, ആഴത്തിൽ ആ കൈകൾ സ്പർശിച്ചു.
കുറച്ചു നിമിഷം ഞാൻ മരവിച്ചു നിന്നു. പിന്നെ എന്റെ സകല ദേഷ്യവും പുറത്തു വന്നു. അവൻ പോയിരുന്ന മേശയുടെ അടുത്തേയ്ക്ക് ഞാൻ അലറികൊണ്ട് ചെന്നു. “താൻ എന്തിനാണ് എന്നെ കയറി പിടിച്ചത്?”

മറുപടി ഒന്നുമില്ല. ഒരക്ഷരം അവൻ മിണ്ടുന്നില്ല. തല കുനിച്ചു ഇരിക്കുന്നു. ഒരു കള്ളനെ പോലെ. ഹോട്ടലിൽ ഉള്ളവർ ഒക്കെ നോക്കുന്നുണ്ട്. അത്രേയുള്ളൂ. ആരും എനിക്ക് വേണ്ടി വാദിച്ചില്ല.

അയാളുടെ കൂടെ ഒരു മധ്യവയസ്കനുണ്ട്. അയാൾ പറയുകയാണ് ” നിങ്ങൾ വിചാരിക്കുന്ന മനുഷ്യനല്ല അവൻ”.

“തനിക്ക് നാണമുണ്ടോ? എന്റെ സ്ഥാനത്ത് തന്റെ മകളാണെങ്കിൽ താനിത് പറയുവോ?” ഞാൻ ചോദിച്ചു.

അയാളും നിശബ്ദനായി. അവന്റെ നേർക്ക് എന്റെ കലിപ്പ് തീരുന്നില്ല. വീണ്ടും ഞാൻ പറഞ്ഞു” അടിച്ചു നിന്റെ പല്ല് തെറിപ്പിക്കുകയാണ് വേണ്ടത്?”

കറുത്ത ഷർട്ടും, ജീൻസും, താടിയുണ്ട്, മീശയുണ്ട്. ഒരു 28-30 വയസ്സ് തോന്നും.

കാഴ്ച്ചക്കാരായി നിന്ന ഹോട്ടൽ ജീവനക്കാരിയുടെ വാക്കുകളാണ് കേൾക്കേണ്ടത്” മാഡം, കേസൊന്നും കൊടുക്കല്ലേ, ഞങ്ങളുടെ കടയ്ക്ക് പേരു ദോഷം വരും.” ഇത്‌ കേട്ടപ്പോൾ എന്റെ ദേഷ്യം വീണ്ടും കൂടി. “നിങ്ങളുടെ മകളെ കയറി പിടിച്ചാലും നിങ്ങൾ ഇത് തന്നെ പറയുമോ” ഞാൻ ചോദിച്ചു. അവർ നിശബ്ദയായി.

അയാളും ആ മധ്യവയസ്കനും അതിവേഗം കൈകഴുകി സ്ഥലം വിട്ടു. ആരും തടുത്തില്ല. ഒറ്റയ്ക്ക് പൊരുതിയ ഞാൻ തോൽക്കില്ല. എന്തായാലും അവനെ വെറുതെ വിടില്ല. ഞാൻ എന്നോട് തന്നെ പിറുപിറുത്തു കൊണ്ടേയിരുന്നു.

കാറിൽ കയറി അഞ്ചു മിനിറ്റ് അകലെയുള്ള പോലീസ് സ്റ്റേഷനിൽ ഞാൻ പോയി.

കാര്യം പറഞ്ഞപ്പോൾ “മാഡം ഇവിടെയിരിക്ക്, പരാതി എഴുതികൊള്ളു എന്നു പറഞ്ഞു വെള്ളകടലാസ് എനിക്ക് നേരെ നീട്ടി”

എസ്. ഐ യുടെ മുന്നിലിരുന്ന് ഞാൻ കരഞ്ഞു. അടക്കി പിടിച്ച ദേഷ്യവും വെറുപ്പും ഒരു മഴയായി അവിടെ പെയ്തൊഴിഞ്ഞു.

എന്റെ ഭാഗ്യത്തിന് അവിടെ cctv ക്യാമറയുണ്ട്. പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. അവർ cctv ദൃശ്യങ്ങൾ എടുക്കുകയാണ്. മറ്റൊരു സെർവറിലാണ് അതിന്റെ കണക്ഷൻ.

എന്റെ കൈകൾ ഇപ്പോഴും വിറയ്ക്കുന്നുണ്ട്. വണ്ടിയോടിച്ചു ഒരു വിധത്തിലാണ് വീട്ടിലെത്തിയത്. പട്ടാപ്പകൽ ഒരു പെണ്ണിനെ ഈ നാട്ടിൽ കയറി പിടിക്കുവാൻ പൊങ്ങുന്ന കൈ ഇനി പൊങ്ങരുത്. അതെനിക്ക് നിർബന്ധമാണ്.

രാത്രി ഒറ്റയ്ക്ക് അവന് ഒരു പെണ്കുട്ടിയെ വഴിയിൽ കിട്ടിയാൽ അവൻ ഇതിലും കൂടുതൽ ചെയ്യും. മറ്റൊരു ഗോവിന്ദചാമിയാണ് അവനെന്ന് എനിക്കുറപ്പുണ്ട്.

നിന്നെ പോലീസ് പൊക്കുന്ന ആ നിമിഷത്തിനായി ഞാൻ കത്തിരിക്കുകയാണ്. നാണമുണ്ടോ തനിക്ക്. മിണ്ടാതെ സഹിക്കുവാൻ എനിക്ക് സൗകര്യമില്ല. എന്റെ ശരീരത്തിൽ എന്റെ അനുവാദം ഇല്ലാതെ ഒരുത്തനും കയറി പിടിക്കണ്ട.

സമൂഹമേ, ലജ്ജയില്ലേ നിങ്ങൾക്ക്. ഒരു പെണ്കുട്ടി ഒറ്റയ്ക്ക് പൊരുതുമ്പോൾ നോക്കി നിൽക്കുവാൽ നാണമില്ലേ? നിങ്ങളൊക്കെ മനുഷ്യരാണോ?
ആ നിമിഷം ബാഹുബലി പോലെയൊരാൾ അവന്റെ തല വെട്ടുവാൻ വന്നിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു. ഒരു അക്ഷരം അവനെതിരെ പറയാൻ പോലും ആരും വന്നില്ല. അത് സിനിമയും ഇത് യാഥാർഥ്യവും ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. സമൂഹമേ ഞാൻ നിന്നെ വെറുത്തു.

6/4/2019 Dr Shinu