ബാംഗ്ലൂരിന്റെ കാറ്റടിച്ചാൽ മതി പിഴച്ച് പോകുമെന്നാ നാട്ടുകാർ പറയുന്നത്..
സ്വന്തംലേഖകൻ
കോട്ടയം : സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുമ്പോഴും ആൺമേൽക്കോയ്മയെ ഉള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ആങ്ങളമാരുടെ ഉള്ളിലിരിപ്പ് സരസമായി അവതരിപ്പിച്ച് കയ്യടി നേടി ഒരു കുറിപ്പ്. സമൂഹത്തിലെ ഷമ്മിച്ചേട്ടന്മാരെ തുറന്നുകാട്ടി ഡോക്ടർ ബെബെറ്റോ തിമോത്തിയാണ് കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.പുറമേ ആങ്ങളെ ചമഞ്ഞ് സംരക്ഷകരായെത്തുന്ന എല്ലാവരുടെയുള്ളിലും ഒരു ഷമ്മി ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് കുറിപ്പ് പറയാതെ പറയുന്നു. ബേബിമോൾക്ക് ഷമ്മിച്ചേട്ടൻ എഴുതുന്ന കുറിപ്പ് എന്ന തരത്തിലാണ് കുറിപ്പ്. സ്നേഹം പൊതിഞ്ഞ വാക്കുകളിൽ എല്ലാ സദാചാര കൊള്ളരുതായ്മകളും ഷമ്മിയുടെ കത്തിലുണ്ട്.
കുറിപ്പ് വായിക്കാം..
Whatsapp Group 1 | Whatsapp Group 2 |Telegram Group
എത്രയും പ്രിയപ്പെട്ട ബേബി മോൾ അറിയുന്നതിന്,എങ്ങനെയിണ്ടായിരുന്നു ഈ ദിവസം?അടിച്ച് പൊളിച്ചില്ലേ? പൊളിച്ചിട്ടുണ്ടാവും എന്നറിയാം.പൊളിക്കണം.എത്ര കാലം എന്ന് വെച്ചിട്ടാ നമ്മളീ പഴഞ്ചൻ രീതികളൊക്കെ പിന്തുടരുവാ?നമ്മളത്രയ്ക്ക് ഓർത്തഡോക്സ് ഒന്നും അല്ലല്ലോ.ഇന്ന് നിനക്കൊരു കല്ല്യാണാലോചന വന്നിരുന്നു.ഞാനാ ബ്രോക്കറേ എറിഞ്ഞോടിച്ചില്ല എന്നേ ഉള്ളൂ.ഒരു മുളയൻ ചെറുക്കൻ.നമ്മുടെ സ്റ്റാറ്റസ്സിനൊക്കുന്നതാണോ മോളേ ഇതൊക്കെ.ചേട്ടൻ ഡീൽ ചെയ്ത് വിട്ടിട്ടുണ്ട്.നല്ല തറവാട്ടിൽ പിറന്ന,അഞ്ചക്ക ശമ്പളം വാങ്ങുന്ന വെളുത്ത് സുമുഖനായ ഒരു സത്യക്രിസ്ത്യാനിയേ മാത്രേ ബേബി മോൾക്ക് പിടിക്കൂ എന്ന് ഞാൻ അങ്ങേരെ പറഞ്ഞ് കണ്വിൻസ് ചെയ്യിപ്പിച്ചിട്ടുണ്ട്.അങ്ങനെ തന്നെ ആകുമല്ലോ അല്ലേ.ആവും എനിക്കറിയാം.എന്റെ ബേബി മോളല്ലേ.നിനക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം ചേട്ടനെന്തിനാ.അയ്യോ സമയം പോയതറിഞ്ഞില്ല.മണി ആറ് കഴിഞ്ഞല്ലേ.നീ വേഗമിങ്ങോട്ട് പോന്നേക്ക്.അധികം ഇരുട്ടാവണ്ട.ആളുകൾ പിന്നെ അതും ഇതും പറയും.ഇപ്പൊ സെന്റ് ആന്റണീസ് ബസ്സിണ്ടാവും.അതിൽ കേറിക്കോ.പിന്നെ ഈ സമയമായോണ്ട് ചില ഞരമ്പന്മാർ കാണും ബസ്സിൽ.അവർ ചിലപ്പോൾ ഉരസിയെന്നോ മുട്ടിയെന്നോ ഒക്കെ ഇരിക്കും.വല്ല്യ ഇഷ്യൂ ആക്കണ്ട.ചന്ത പിള്ളേർ കുറേ ഇറങ്ങിയിട്ടിണ്ട്.ബഹളം വെച്ച് നാട്ടാരറിഞ്ഞാൽ ആർക്കാ നഷ്ടം.ഇലയ്ക്കാണേ കേട്.നിന്റെ മറ്റേ കൂട്ടുകാരി ഇല്ലയോ സോന?അവൾടെ വീട്ടിലൊന്നും കേറാൻ നിൽക്കണ്ട.അവളെ കുറിച്ചത്ര നല്ല അഭിപ്രായമൊന്നും അല്ല.ഒരു മരം കേറി പെണ്ണ്…ഇത്ര നല്ല കോഴ്സുകളുണ്ടായിട്ടും അവൾക്കീ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എടുക്കേണ്ട ആവശ്യം എന്തായിരുന്നു.ചെറുക്കന്മാരുടെ കൂടെ ആർമ്മാദ്ദിക്കാൻ തന്നെ അല്ലാതെന്ത്.കെട്ടുന്നോന്റെ ഒക്കെ ഒരവസ്ഥയേ.എത്ര വട്ടം ഓടിയതാണെന്ന് ആർക്കറിയാം.ഇത് നീ അവളുടെ അടുത്ത് പറയാനൊന്നും നിൽക്കണ്ട.പിന്നെ കുറേ വേലേം കൂലിയുമില്ലാത്ത ഫെമിനിച്ചികളും പാവാട താങ്ങികളുമിറങ്ങും.വെറുതെ എന്നാത്തിനാ.പിന്നെ സ്റ്റോപ്പിലിറങ്ങിയിട്ട് നീ ആ ശശീടെ തയ്യൽ കടയിൽ ഒന്ന് കേറിക്കോ.ആ മഞ്ഞ ചുരിദാറിന്റെ ടോപ്പ് എനിക്കങ്ങ് അത്ര പിടിച്ചില്ല മോളേ.ഞാൻ അവനെ വിളിച്ച് വേണ്ടത് പറഞ്ഞിട്ടുണ്ട്.നെഞ്ച് ഭാഗത്ത് ഇറക്കം കൂടുതൽ.സൈഡിലാണെങ്കിൽ വെട്ടും.ഫാഷനാണത്രേ.എന്നാ നിന്റെ പെങ്ങളേ ബിക്കിനിയുടുപ്പിച്ച് റോഡിലൂടെ നടത്തെടാ എന്നൊരു കാച്ചങ്ങ് കാച്ചിയിട്ടുണ്ട്.മാസ്സ് അല്ലേ.അല്ലെങ്കിൽ ബേബി മോൾക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്ന് അവനങ്ങ് കരുതില്ലേ.അപ്പൊ വേറൊരു മറ്റീരിയൽ കൊടുത്തിട്ടുണ്ട്.അത് മേടിച്ചേക്ക്.നിനക്ക് പി ജി ചെയ്യാൻ പറ്റിയ കുറച്ച് കോളേജുകൾ ഞാൻ കണ്ട് വെച്ചിട്ടുണ്ട്.നീ വന്നിട്ട് നമുക്ക് ഫൈനലൈസ് ചെയ്യാം.എല്ലാം പോയി വരാവുന്ന ദൂരെയുള്ളതാ.പിന്നെ നല്ലൊരു കോളേജ് ബാംഗ്ലൂർ കണ്ടു.അത് ഞാൻ പിന്നെ അങ്ങ് വിട്ടു.ബാംഗ്ലൂരിന്റെ കാറ്റടിച്ചാൽ മതി പിഴച്ച് പോകുമെന്നാ നാട്ടുകാർ പറയുന്നത്.വെറുതെ എന്നാത്തിനാ.അതും ഈ കല്യാണാലോചന വരുന്ന സമയത്ത്.പിന്നെ ബേബിമോളേ മറ്റേ യോഗയും ജിമ്മുമൊക്കെ ഇനിയിപ്പൊ കുറച്ച് നാളത്തേയ്ക്ക് വേണ്ട.ഞാൻ ഒരു മാസികയിൽ വായിച്ചതാ.നീയായതോണ്ട് പറയുന്നതാ.അധികം സ്ട്രെച്ച് ചെയ്താൽ മറ്റേത് പൊട്ടി പോകുമെന്ന്.ഇനി ഫസ്റ്റ് നൈറ്റ് കഴിഞ്ഞ് ഈ ‘തേവിടിശ്ശിയെ’ ആണോ എനിക്ക് കെട്ടിച്ച് തന്നത് എന്ന് എന്റെ ഭാവി അളിയൻ എന്നോട് ചോദിക്കുന്ന സീനൊന്ന് ഓർത്ത് നോക്കിയേ.ഞാൻ ആ സീൻ മനസ്സിലിട്ട് കുറേ ചിരിച്ചു.ഇഹ് ഇഹ്.ആം.നീ വേഗം വാ.ഇവിടെ അടുക്കളയിലെ ഒരു പാത്രവും കഴുകി വെച്ചിട്ടില്ല.ഞാൻ നല്ല മീൻ വാങ്ങി വെച്ചിട്ടുണ്ട്.നിന്റെ അടുക്കളയിലെ കൈപുണ്യത്തെ വെല്ലാൻ ചേട്ടന് സ്കിൽ ഇല്ലാത്തത് കൊണ്ട് അത് നിനക്കായി മാറ്റി വെച്ചിട്ടുണ്ട്.വനിതാ ദിനമൊക്കെയല്ലേ.ചേട്ടൻ ഒരു തീരുമാനമെടുത്തിട്ടുണ്ട്.ചേട്ടന്റെ ഷഡ്ഡി ഇനി ചേട്ടൻ തന്നെ അലക്കിക്കോളാം.നീയോ അമ്മയോ അത് ചെയ്യണ്ട.ഇവിടുന്ന് തന്നെ വേണ്ടേ നമുക്ക് സ്ത്രീ ശാക്തീകരണം.വാക്കിലല്ല പ്രവർത്തിയിലാണ് കാര്യം എന്നാണ് എന്റെ ഒരു ലൈൻ.എവിടെയും ഇങ്ങനെ ഒന്നുമല്ലാട്ടോ ബേബി മോളേ.ഇതു പോലൊരു ചേട്ടനെ കിട്ടാനും വേണം ഒരു ഭാഗ്യം.ഏത്?നാളെ ഞാനും അമ്മയും പള്ളീൽ പോണുണ്ട്.നിനക്ക് പിന്നെ ആയി ഇരിക്കല്ലേ.അതിനുള്ളതിണ്ടോ അവിടെ?ഇല്ലേൽ പറയണം.നാളെ ഇനി നീ വീട്ടിലിരിക്കണ സമയത്ത് ഞങ്ങളില്ലാതെ ബുദ്ധിമുട്ടണ്ട.
ഉമ്മറ പടിയിൽ ഞാനുണ്ടാവും.മെസ്സേജ് കണ്ട ഉടനെ ഒരു സ്മെയിലി ഇട്ടേക്ക്.വേഗം ഇങ്ങ് പോരൂ.സ്നേഹത്തോടെ, ഷമ്മി ചേട്ടൻ..