“മദ്യപിക്കുമ്പോൾ മൊബൈൽ ഫോണ് ഉപയോഗിക്കരുത്’; പൊട്ടിചിരിപ്പിച്ചു ട്രാഫിക് പോലീസിന്റെ സൂചനാബോർഡ്
സ്വന്തംലേഖകൻ
ജമ്മുകശ്മീർ : സുരക്ഷിത യാത്രയ്ക്കും മുന്നറിയിപ്പുകൾ നൽകുന്നതിനും വേണ്ടി അധികൃതർ റോഡുകളുടെ സമീപത്ത് ബോർഡുകൾ വയ്ക്കാറുണ്ട്. എന്നാൽ അത്തരമൊരു ബോർഡാണ് സോഷ്യൽമീഡിയയിൽ ഏറെ ചിരിയുണർത്തുന്നത്.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണ് ഉപയോഗിക്കരുതെന്ന് വാക്കുകൾക്കു പകരമായി മദ്യപിക്കുമ്പോൾ മൊബൈൽ ഫോണ് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് ഈ ബോർഡിൽ പ്രത്യക്ഷപ്പെട്ടത്. റൂറൽ ജമ്മുവിലെ ട്രാഫിക് പോലീസ് സ്ഥാപിച്ചതാണെന്ന പേരിലാണ് ഈ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
ജമ്മുകശ്മീരിലെ പീർ കി ഗാലിയിലുള്ള മുഗൾ റോഡിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ സംഭവം സോഷ്യൽമീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതിനെ തുടർന്ന് അധികൃതർ അന്വേഷണം നടത്തി.
സാമൂഹ്യവിരുദ്ധരാണ് ഈ പ്രവർത്തനത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. ഇത് ഗുരുതരമായ കുറ്റമാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.