എനിക്ക് നെയ്മറിനെയാണ് ഇഷ്ട്ടം, ഞാനൊരു ബ്രസീൽ ഫാൻ ആണ്, മെസിയേക്കുറിച്ച് എഴുതില്ല;വൈറലായി നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ്

Spread the love

സ്വന്തം ലേഖകൻ
മലപ്പുറം: പരീക്ഷയ്ക്ക് മെസിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താൻ നെയ്മർ ഫാനാണെന്നും എഴുതാനാവില്ലെന്നും വിദ്യാർത്ഥി. തിരൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പിഎസിലെ നാലാംക്ലാസുകാരി റിസ ഫാത്തിമയാണ് താൻ ബ്രസീൽ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയില്ലെന്നും പരീക്ഷാപേപ്പറിൽ എഴുതി വെച്ചത്. ഈ പരീക്ഷാ പേപ്പർ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇന്നലെ നടന്ന മലയാളം വാർഷിക പരീക്ഷയിലാണ് റിസയുടെ വൈറലായ ഉത്തരമുള്ളത്.

video
play-sharp-fill

മലയാളം പരീക്ഷയുടെ ഭാഗമായി ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാനായി നൽകിയത് അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയെയാണ്. ജീവചരിത്രക്കുറിപ്പില്‍ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങളും ചോദ്യപേപ്പറിൽ നൽകിയിരുന്നു. പക്ഷേ കടുത്ത ബ്രസീൽ ആരാധികയായ റിസ നിലപാടും കടുപ്പിച്ചു. ഉത്തരക്കടലാസിൽ ‘ ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല’ എന്നായിരുന്നു റിസ എഴുതിയത്.

പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ഉത്തരക്കടലാസ് പരിശോധിക്കുമ്പോഴാണ് അധ്യാപകനായ റിഫാ ഷാലീസ് ഈ വ്യത്യസ്തമായ മറുപടി കണ്ടത്. കുട്ടികൾ രസകരമായാണ് ഈ ചോദ്യത്തിന് ഉത്തരം നൽകിയതെന്നും , ഫുട്ബോളടക്കം ചുറ്റുമുള്ള ലോകസംഭവങ്ങൾ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കൂടി വ്യക്തമാക്കാൻ താൻ ഈ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group