
കൊച്ചി: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി. കൂടാതെ മൃതദേഹത്തിന് നിയമപരമായ അവകാശം ഭർത്താവിനല്ലേയെന്നും കോടതി ആരാഞ്ഞു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ചോദിച്ചത്.
കുടുംബം നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നതെല്ലാം ആരോപണങ്ങൾ അല്ലേയെന്നും മൃതദേഹം ഷാർജയിൽ സംസ്കരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. മൃതദേഹത്തിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്നും ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ കോടതിക്ക് എങ്ങനെയാണ് ഇത്തരമൊരു ഉത്തരവിടാൻ കഴിയുക എന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.
കൊല്ലം സ്വദേശിനിയായ വിപഞ്ചികയും കുഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കുടുംബം ഹർജി നൽകിയിരിക്കുന്നത്. ഭർത്താവും കുടുംബവും യുവതിയെ മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നെന്നും അത് പുറത്തുവരാതിരിക്കാനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാത്തതെന്നും ഹർജിയിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അമ്മയുടെ സഹോദരിയായ ഹർജിക്കാരിക്കെങ്ങനെ ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാകുമെന്നും കോടതി ചോദിച്ചു. ഹർജി പരിഗണിച്ച ജസ്റ്റീസ് നഗ്രേഷ് വിപഞ്ചികയുടെ ഭർത്താവിനെക്കൂടി കേസിൽ കക്ഷി ചേർക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയേക്കൂടി കക്ഷി ചേർക്കാൻ നിർദേശിച്ച കോടതി ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.