
കൊച്ചി: കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസുകാരെ മർദ്ദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദ്ദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 3 കേസുകളിൽ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പിൽ ഇന്നലെ അർധരാത്രിയിലാണ് അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്.
16 എസ്എഫ്ഐ പ്രവർത്തകർക്കും 8 അഭിഭാഷകർക്കും സംഭവത്തിൽ പരിക്കേറ്റു. ബാർ അസോസിയേഷൻ വാർഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കയറിയാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് അഭിഭാഷകരുടെ ആരോപണം. അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിഭാഷകർ മദ്യപിച്ച് വിദ്യാർത്ഥികളെ ഉള്‍പ്പെടെ ശല്യം ചെയ്തെന്നും ഇത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നുമാണ് എസ്എഫ്ഐയുടെ മറുപടി. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പൊലീസുകാർക്കും പരിക്കേറ്റു.



