
കോട്ടയത്ത് മിണ്ടാപ്രാണിയുടെ വാല്‍ മുറിച്ച് സാമൂഹ്യ വിരുദ്ധരുടെ ക്രൂരത, പശുകിടാവിന്റെ വായ് കൂട്ടിക്കെട്ടി വാൽ മുറിച്ചു മരത്തില്‍ തൂക്കിയിട്ടു
സ്വന്തംലേഖകൻ
കോട്ടയം : മദ്യലഹരിയില്‍ പശുവിന്റെ വാല്‍ മുറിച്ച് സാമൂഹിക വിരുദ്ധര്‍. കുറിച്ചി ഔട്ട് പോസ്റ്റ് കവലയില്‍ ടെസിയുടെ ഒരു വയസു പ്രായമായ പശുക്കിടാവാണ് ആക്രമണത്തിനിരയായത്. കയറു കൊണ്ട് വായ മുറുക്കി കെട്ടിയതിനു ശേഷമാണ് വാല്‍ മുറിച്ചത്. വാല്‍ അടുത്തുള്ള മരത്തില്‍ തൂക്കിയിടുകയും ചെയ്തു. മകള്‍ക്കും അമ്മയ്ക്കും ഒപ്പമാണ് ടെസി താമസിക്കുന്നത്. വിഷുവിന്റെ തലേന്ന് ടെസിയും മകളും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയിരുന്നു. അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അന്നു രാത്രിയിലാണ് സമീപത്തെ പഞ്ചായത്ത് മൈതാനത്ത് കെട്ടിയിരുന്ന പശുക്കിടാവിനെ ക്രൂരവിനോദത്തിനിരയാക്കിയത്. പിറ്റേന്നു രാവിലെയാണ് വീട്ടുകാര്‍ കാര്യമറിയുന്നത്. ഉടന്‍ തന്നെ മൃഗഡോക്ടറെ എത്തിച്ച് ചികിത്സ നല്‍കി. മുറിഞ്ഞ ഭാഗത്ത് തുന്നലുമിട്ടു. മദ്യപന്മാരുടേയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടേയും താവളമാണ് ടെസിയുടെ വീടിനടുത്തുള്ള പഞ്ചായത്ത് മൈതാനം. സംഭവത്തില്‍ ചിങ്ങവനം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.