കോട്ടയത്ത് മിണ്ടാപ്രാണിയുടെ വാൽ മുറിച്ച മനുഷ്യമൃഗത്തിനെ തപ്പി പൊലീസ്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : മിണ്ടാപ്രാണിയുടെ വാൽ മുറിച്ചു മാറ്റി കൊടുംക്രൂരത കാട്ടിയ മനുഷ്യ മൃഗങ്ങളെ തിരഞ്ഞു പൊലീസ്.
കുറിച്ചി ഔട്ട് പോസ്റ്റ് കവലക്ക് സമീപം പുതുവേലിയിൽ ടെസിയുടെ ഒരു വയസു പ്രായമായ പശുക്കിടാവിന്റെ വാൽ മുറിച്ചു മാറ്റിയ സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
കയറു കൊണ്ട് വായ മുറുക്കി കെട്ടിയതിനു ശേഷമാണ് വാല്‍ മുറിച്ചത്. വാല്‍ അടുത്തുള്ള മാവിൽ തൂക്കിയിടുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിൽ മദ്യലഹരിയിലായ സാമൂഹ്യ വിരുദ്ധർ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണം ഊർജ്ജിതമാക്കിയെന്നും ഉടൻ പ്രതികളെ പിടികൂടുമെന്നും ചിങ്ങവനം പൊലീസ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
വിഷുവിന്റെ തലേന്ന് ടെസിയും മകളും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയിരുന്നു. അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അന്നു രാത്രിയിലാണ് സമീപത്തെ പഞ്ചായത്ത് മൈതാനത്ത് കെട്ടിയിരുന്ന പശുക്കിടാവിനെ ക്രൂരവിനോദത്തിനിരയാക്കിയത്. പിറ്റേന്നു രാവിലെയാണ് വീട്ടുകാര്‍ കാര്യമറിയുന്നത്. ഉടന്‍ തന്നെ മൃഗഡോക്ടറെ എത്തിച്ച് ചികിത്സ നല്‍കി. മുറിഞ്ഞ ഭാഗത്ത് തുന്നലുമിട്ടു.