
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയ പൊലീസുകാരെല്ലാം വൈകാതെ പിഴ അടയ്ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി. എന്നാൽ, വിഐപികള്‍ക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിൽ അമിത വേഗത്തിൽ പോയാലും റെഡ് സിഗ്നൽ മറികടന്നാലും പിഴ ഈടാക്കില്ല.
ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ട പൊലീസുകാർ തന്നെ കൂട്ടത്തോടെ നിയമം ലംഘിക്കുന്ന അവസ്ഥയാണ്. ഡിജിപിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൊലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനത്തിന് നാലായിരത്തലിധികം പെറ്റികളാണ് ആസ്ഥാനത്ത് എത്തിയത്. നിയമം ലംഘിച്ച പൊലീസുകാരിൽ നിന്ന് തന്നെ പിഴ ഈടാക്കണമെന്ന് ഡിജിപി പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകി.
എന്നാൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമായതിനാൽ പിഴയടക്കില്ലെന്ന് പൊലിസുകാർ നിലപാട് എടുത്തു. പിഴ ഈടാക്കുന്നതിലെ ബുദ്ധിമുട്ട് ജില്ലാ പൊലീസ് മേധാവിമാര്‍ ഡിജിപിയെ അറിയിച്ചു. ഇതോടെയാണ് അകമ്പടി, അന്വേഷണം, അടിയന്തിര സാഹചര്യം എന്നിവയ്ക്കുള്ള യാത്രയിലെ അമിത വേഗവും റെഡ് ലൈറ്റ് മറികടക്കലും പിഴയിൽ നിന്ന് ഒഴിവാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, സീറ്റ് ബെൽറ്റ് ഇടാതെയും ഹെൽമറ്റ് ധരിക്കാതെയും പൊലീസുകാര്‍ യാത്ര ചെയ്താൽ പിഴ അടച്ചേ മതിയാകൂ. നിശ്ചിത സമയ പരിധിക്കുള്ളിൽ പിഴ അടച്ച്, വിവരം ജില്ലാ പൊലീസ് മേധാവിമാരെ പൊലീസുകാര്‍ അറിയിക്കണം. പട്ടിക പൊലീസ് അസ്ഥാനത്തേയ്ക്ക് കൈമാറണം. എന്നാൽ, പല വാഹനങ്ങളിലും സീറ്റ് ബെൽറ്റ് പോയിട്ട് ബ്രേക്ക് പോലുമില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്.