
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ച വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ക്ക് ആറ്റിങ്ങലില്‍ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റവും 25000 രൂപ പിഴയും കൂടാതെ അച്ചടക്ക നടപടിയും വിജിലന്‍സ് അന്വേഷണവും ഉണ്ടാവും. വകുപ്പുതല നടപടിയുടെ ഭാഗമായി കുറ്റപത്രവും നല്കി.
ആറ്റിങ്ങല്‍ സബ്ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ബൈജുവിനെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ഉടന്‍ പ്രാബല്യത്തില്‍ സ്ഥലം മാറ്റിയത്. പിഴ സംഖ്യ ഈ മാസം 28 നകം അടച്ച് 29 ന് ചെലാന്‍ കമ്മിഷനില്‍ സമര്‍പ്പിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈജുവിനെതിരെ കേരള സിവില്‍ സര്‍വീസ് ചട്ടം16 പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി വിശദീകരണം തേടി 15 ദിവസത്തെ നോട്ടീസും നല്കിയിട്ടുണ്ട്. വകുപ്പുതല വിജിലന്‍സ് വിഭാഗത്തിനാണ് അന്വേഷണ ചുമതല. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ ഹക്കിമിന്റെ ഉത്തരവിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആണ് നടപടിയെടുത്തത്.
കുടിവെള്ള വിതരണത്തിന്റെ പൈപ്പ് നന്നാക്കാന്‍ റോഡ് വെട്ടിക്കുഴിച്ചതുമായി ബന്ധപ്പെട്ട് വര്‍ക്കല മരുതിക്കുന്ന് പാറവിളയില്‍ ലാലമ്മ 2023 ജനുവരിയില്‍ സമര്‍പ്പിച്ച പരാതി അവഗണിച്ചതിനാണ് ശിക്ഷ. തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തിലാണ് 10 രൂപ ഫീസടച്ച് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. ഈ ജോലി നിര്‍വ്വഹിച്ചത് വര്‍ക്കല ജലവിതരണ ഓഫീസായതിനാല്‍ പഞ്ചായത്തില്‍ നിന്ന് അപേക്ഷ അവിടേക്ക് നല്‍കി.