video
play-sharp-fill
പവർ ​ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല ; ഈ​ഗോ മൂലം സിനിമകൾ നഷ്ടപ്പെട്ടു ; സത്യം തെളിയട്ടെ, തെറ്റ് ആരുടെ ഭാ​ഗത്ത് ആയാലും ബോധ്യപ്പെടണം. കളകളെ എടുത്ത് പുറത്ത് കളയണം : നടി വിൻസി അലോഷ്യസ്

പവർ ​ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല ; ഈ​ഗോ മൂലം സിനിമകൾ നഷ്ടപ്പെട്ടു ; സത്യം തെളിയട്ടെ, തെറ്റ് ആരുടെ ഭാ​ഗത്ത് ആയാലും ബോധ്യപ്പെടണം. കളകളെ എടുത്ത് പുറത്ത് കളയണം : നടി വിൻസി അലോഷ്യസ്

സ്വന്തം ലേഖകൻ

മലയാള സിനിമയിലെ പവർ ​ഗ്രൂപ്പിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പക്ഷേ ചിലരുടെ മേധാവിത്വം അനുഭവപ്പെട്ടിട്ടുണ്ടെന്നും നടി വിൻസി അലോഷ്യസ്. കോൺട്രാക്ട് ഇല്ലാതെ സിനിമ ചെയ്യേണ്ടി വരുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും നടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചിലരുടെ ഈ​ഗോ മൂലം സിനിമകൾ നഷ്ടപ്പെട്ടുവെന്നും നടി കൂട്ടിച്ചേർത്തു.

ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കേൾക്കുന്നു. ഞാനും എല്ലാവരേയും പോലെ എന്താണ് സത്യാവസ്ഥ എന്നറിയാൻ കാത്തിരിക്കുന്നു. എനിക്ക് ലെെംഗിക അതിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ അങ്ങനെ ഉണ്ടെന്ന് പറഞ്ഞ് ഒരാൾ വരുമ്പോൾ നമ്മൾ സത്യാവസ്ഥ പരിശോധിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വേതനം പറഞ്ഞുറപ്പിച്ചിട്ടായിരിക്കും സിനിമ തുടങ്ങുന്നത്. പലപ്പോഴും കോൺട്രാക്ട് ഇല്ലാതെ സിനിമ ചെയ്യേണ്ടി വരുന്നു. പറഞ്ഞുറപ്പിച്ച അഡ്വാൻസ് ഒക്കെ സിനിമ തുടങ്ങിയതിന് ശേഷമാകും ലഭിക്കുക. പറഞ്ഞ തുക എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ചോദിക്കുമ്പോൾ ഇന്ന സംവിധായകൻ്റെ സിനിമയാണ്, പെെസയുടെ കാര്യത്തിൽ എല്ലാവരും സഹകരിക്കണം, ഈ സംവിധായകൻ്റെ ചിത്രത്തിൽ അഭിനയിക്കണം എന്ന ആ​ഗ്രഹം കൊണ്ടാണ് എല്ലാവരും വരുന്നത് എന്നൊക്കെയാണ് പറയുന്നത്. നമ്മളുടെ ഉള്ളിൽ വിഷമങ്ങളുണ്ടാകും. ചോദിക്കുന്നത് ശരിയാണോ അല്ലയോ എന്നാണ് ചിന്ത. ഞാൻ പുതിയ ഒരാളാണ്. ഇങ്ങനെയാണ് അവർ പഠിപ്പിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ട് എല്ലാവരും ദുരനുഭവങ്ങൾ പറയുമ്പോഴാണ് നമ്മളും ആ അനീതിയ്ക്ക് കീഴിലാണെന്ന് തിരിച്ചറിയുന്നത്.

പവർ ​ഗ്രൂപ്പ് എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഒരു മേധാവിത്വം അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ പേരുകൾ പറയാൻ താത്പര്യമില്ല. ”വിൻസി സിനിമയിൽ വന്നിട്ട് അഞ്ച് വർഷമേ ആയിട്ടുള്ളൂ, സിനിമ എന്താണെന്ന് വിൻസിക്ക് അറിയില്ല. അത് ഇനിയും പഠിക്കാൻ ഇരിക്കുന്നേയുള്ളൂ.” എന്നാണ് എനിക്ക് നേരിട്ട അനീതിയെ ചോദ്യം ചെയ്തപ്പോൾ എന്നോട് തിരിച്ച് ചോദിച്ചത്. തിരിച്ച് ചോദ്യം ചോദിക്കാം എന്നൊരു ആത്മവിശ്വാസം ഇപ്പോൾ ലഭിക്കുന്നുണ്ട്.

ഞാൻ ഒരു സംഘടനയിലുമില്ല, എല്ലാം പുറത്തുവരട്ടെ. നമ്മൾ നമ്മുടെ അവകാശം ചോദിച്ച് വാങ്ങുമ്പോൾ ഈ​ഗോ ഹർട്ട് ആകുന്നുണ്ട്. പിന്നീട് പല കഥകളാണ് നമ്മളെക്കുറിച്ച് പറയുന്നത്. അതിലൂടെ സിനിമകൾ ഇല്ലാതാകുന്നു. അതാണ് ഞാൻ ഇപ്പോൾ അഭിമുഖീകരിക്കുന്നത്.അതൊക്കെ മറികടക്കും. പാർവതി ചേച്ചിയൊക്കെ ഭയങ്കര പ്രചോദനമാണ്. ഇനി സിനിമകൾ നഷ്ടമായാലും ജീവിതം ബാക്കിയുണ്ട്. അത് ഞാൻ മര്യാദയ്ക്ക് ജീവിക്കും. എന്നെപ്പറ്റി പലതും കേൾക്കുന്നുണ്ട്. ചോദിക്കുന്നവർക്ക് മറുപടി കൊടുത്തിട്ടുണ്ട്. ഇനിയും ചോദ്യങ്ങൾ വന്നാൽ നേരിടാൻ തയാറാണ്.

സത്യം എന്തെന്ന് അറിയാതെ മുകേഷ് ഏട്ടനും സിദ്ദിഖ് ഇക്കയും തെറ്റ് ചെയ്തെന്ന് പറയാനാകില്ല. ഇരകൾ തുറന്ന് പറയുമ്പോൾ അത് വ്യാജമാണെന്നും പറയാനാകില്ല. സത്യം തെളിയട്ടെ, തെറ്റ് ആരുടെ ഭാ​ഗത്ത് ആയാലും ബോധ്യപ്പെടണം. കളകളെ എടുത്ത് പുറത്ത് കളയണം’, വിൻസി അലോഷ്യസ് പറഞ്ഞു.