
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറായ വിജയകുമാറാണ് പിടിയിലായത്. വസ്തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് വിജയകുമാറിനെ പിടികൂടുകയായിരുന്നു. ഇന്ന് 11 മണിയോടുകൂടിയാണ് സംഭവം.
തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ സ്വദേശിയായ പരാതിക്കാരൻ്റെ പേരിൽ പഴയകുന്നുമ്മേൽ വില്ലേജ് പരിധിയിൽപെട്ട 34 സെൻറ് വസ്തു ഡാറ്റാ ബാങ്കിൽ വയൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് കര ഭൂമിയാക്കുന്നതിന് 2024 ജനുവരി മാസത്തിൽ അപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിൻകീഴ് താലൂക്ക് ഓഫീസിലെയും നടപടികൾക്ക് 2024 ജനുവരി മാസം തന്നെ ഫയൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിൽ എത്തി. പക്ഷേ, വില്ലേജ് ഓഫീസർ കളക്ടറേറ്റിലേക്ക് റിപ്പോർട്ട് സഹിതം മടക്കി അയച്ചിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച പരാതിക്കാരൻ വിവരം അന്വേഷിച്ച് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ വില്ലേജ് ഓഫീസറായ വിജയകുമാർ പരാതിക്കാരനിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയിരുന്നു.
പിന്നീട് പരാതിക്കാരൻ ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസിൽ കണ്ടപ്പോൾ 5000 രൂപ കൂടി കൈക്കൂലി നൽകിയാലേ റിപ്പോർട്ട് കളക്ടറേറ്റിലേക്ക് അയക്കൂ എന്ന് പറഞ്ഞു തിരികെ അയച്ചു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് ദക്ഷിണ മേഖല പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.



