play-sharp-fill

പുതിയ വില്ലേജ് ഓഫീസര്‍ എത്തി; വര്‍ഷങ്ങള്‍ക്ക് ശേഷം മുഖം മിനുക്കി കൂട്ടിക്കല്‍ വില്ലേജ് ഓഫീസ് കെട്ടിടം

സ്വന്തം ലേഖകന്‍

കൂട്ടിക്കല്‍: കഴിഞ്ഞ പത്ത് വഷത്തോളമായി മെയ്ന്റനന്‍സ് മുടങ്ങി കിടന്നിരുന്ന കൂട്ടിക്കല്‍ വില്ലേജ് ഓഫീസ് വൃത്തിയാക്കി, പെയിന്റ് ചെയ്ത് വില്ലേജ് ഓഫീസര്‍ എ.എസ് മുഹമ്മദും സഹപ്രവര്‍ത്തകരും മാതൃകയായി. നാട്ടുകാരും വില്ലേജ് ഓഫീസിന്റെ നവീകരണത്തില്‍ പങ്കാളികളായി.

ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം വൃത്തിയാക്കിയെടുത്തപ്പോള്‍, കെട്ടിടത്തിന്റെ ഭംഗി കണ്ട് അത്ഭുതപ്പെടുകയാണ് ഇവിടെയെത്തുന്നവര്‍. 1980ല്‍ പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ് വിഭജിച്ചാണ് കൂട്ടിക്കല്‍ വില്ലേജ് രൂപം കൊണ്ടത്. കൂട്ടിക്കല്‍ ടൗണില്‍ സ്ഥിതി ചെയ്തിരുന്ന വില്ലേജ് ഓഫീസ് കെട്ടിടം പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. മൈക്കിള്‍ കള്ളിവയലില്‍, ഏന്തയാറിന് സമീപം കുപ്പയാകുഴി ഭാഗത്ത് സൗജന്യമായി സ്ഥലം നല്‍കിയതോടെ 2000 മുതല്‍ വില്ലേജ് ഓഫീസ് അവിടെ പ്രവര്‍ത്തിച്ച് വരികയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ പത്ത് വര്‍ഷമായി മെയിന്റനന്‍സ് പണികള്‍ മുടങ്ങിക്കിടന്നിരുന്നതിനാല്‍ പായലും കാടും പിടിച്ച് കെട്ടിടവും പരിസര പ്രദേശവും വൃത്തിഹീനമായി കിടക്കുകയായിരുന്നു. വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പെയിന്റിംഗ് ജോലികള്‍ വില്ലേജ് ഓഫീസര്‍ എ. എസ് മുഹമ്മദ് സ്വയം ചെയ്യുകയായിരുന്നു.

ഗീത ഗോപാലന്‍, മേരി തോമസ്, അബൂബക്കര്‍, വിഷ്ണു, വാസന്തി തുടങ്ങിയ ജീവനക്കാരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സജീവ പങ്കാളിത്തത്തോടെയാണ് വൃത്തിയാക്കല്‍ നടത്തിയത് .