കാലതാമസമില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാൻ നടപടികള്‍ സ്വീകരിക്കും; തിരുവനന്തപുരം ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ കളക്ടറുടെ നേതൃത്വത്തിൽ മിന്നല്‍ പരിശോധന..!!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ കളക്ടറുടെ നേതൃത്വത്തിൽ മിന്നല്‍ പരിശോധന നടത്തി. ജില്ലാ കളക്ടര്‍ ജെറോമിക് ജോർജ്, എഡിഎം, കളക്ടറേറ്റ് ഇന്‍സ്പെക്ഷന്‍ വിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസമില്ലാതെ ലഭ്യമാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുമല, തൈക്കാട് വില്ലേജുകളില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തിയായിരുന്നു പരിശോധന നടത്തിയത്. കരകുളം, മേനംകുളം വില്ലേജ് ഓഫീസുകളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ജോസ്.ജെയുടെ നേതൃത്വത്തിലും, കടകംപള്ളി, ചെമ്മരുത്തി, കല്ലറ, കള്ളിക്കാട്, മണക്കാട്, നഗരൂര്‍ എന്നിവിടങ്ങളില്‍ കളക്ടറേറ്റ്് ഇന്‍സ്പെക്ഷന്‍ വിംഗിന്റെ നേതൃത്വത്തിലുമായിരുന്നു പരിശോധന.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശോധന നടക്കുകയാണ്. ഹാജര്‍ രജിസ്റ്റര്‍, പോക്കു വരവ്, തരം മാറ്റല്‍ രജിസ്റ്ററുകള്‍, മൂവ്മെന്റ് രജിസ്റ്റര്‍ എന്നിവയും വിവിധ രേഖകളും ഫയലുകളും കളക്ടര്‍ പരിശോധിച്ചു. വരും ദിവസങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകളില്‍ പരിശോധന തുടരും.