എല്ലാ താലൂക്ക് ഓഫിസുകളും വില്ലേജും ഞായറും തിങ്കളും പ്രവർത്തിക്കും: വൻ ദുരന്തം ഒഴിവാക്കാൻ 281 ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളും ഞായറും തിങ്കളും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യത്തിൽ ജില്ലയിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനാണ് ഇത്. ഇതിനിടെ ജില്ലയില്‍ പ്രളയത്തിലകപ്പെട്ട 281 വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. അപകടസാധ്യത കണക്കിലെടുത്ത് കോട്ടയം സര്‍ക്കിളില്‍ 125 ട്രാന്‍ഫോര്‍മറുകളും പാലാ സര്‍ക്കിളില്‍ 156 ട്രാന്‍സ്‌ഫോര്‍മറുകളുമാണ് നിര്‍ത്തിയത്.
വെള്ളം ഇറങ്ങുമ്പോള്‍ വൈദ്യുതബന്ധം പുനഃസ്ഥാപിക്കും. കോട്ടയം സര്‍ക്കിളില്‍ 370 പോസ്റ്റുകള്‍ ഒടിഞ്ഞു വീഴുകയും 400 സ്ഥലങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുകയും ചെയ്തിട്ടുണ്ട്. 11 കെ.വി ലൈനുകളില്‍ 72 എണ്ണത്തിന് കേടുപാടുകള്‍ സംഭവിച്ചു. പാലായില്‍ 84 ഹൈടെന്‍ഷന്‍ പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. വൈദ്യുതി 80 ശതമാനം പുനഃസ്ഥാപിച്ചു.
കോട്ടയം സര്‍ക്കിളില്‍ 62ലക്ഷം രൂപയുടെയും പാലാ സര്‍ക്കിളില്‍ 47 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്.