ആദ്യകാല ഗൾഫുകാരന്റെ ജീവിത ദുഃഖങ്ങളുടെ കഥയായിരുന്നു “വിൽക്കാനുണ്ട് സ്വപ്നങ്ങൾ ” എന്ന സിനിമ ” . മഞ്ചേരി കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന പി ഐ മുഹമ്മദ് കുട്ടി എന്ന ചെറുപ്പക്കാരനാണ് ഈ സിനിമയിൽ ഉപനായകനായി അഭിനയിച്ചത് . ഈ ഉപനായകനാണ് പിന്നീട് മലയാള സിനിമയുടെ ചക്രവാളങ്ങൾ കീഴടക്കിയ മമ്മൂട്ടി എന്ന ഇതിഹാസതാരം .

Spread the love

 

കോട്ടയം:
“കടലിനക്കരെ പോണോരെ
കാണാപൊന്നിന് പോണോരെ പോയ് വരുമ്പോൾ
എന്തു കൊണ്ടു വരും
കൈനിറയെ
പോയ് വരുമ്പോൾ
എന്ത് കൊണ്ടു വരും…”

video
play-sharp-fill

1965-ൽ തകഴിയുടെ ചെമ്മീൻ എന്ന സിനിമയ്ക്കു വേണ്ടി വയലാർ ഈ വരികൾ എഴുതുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് പുറക്കാട്ട് കടപ്പുറത്ത് നിന്നും മീൻപിടിക്കാൻ പോകുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രമായിരുന്നു.
എന്നാൽ എഴുപതുകളോടെ
കാലം മാറി …
കഥയും മാറി …

കടലിനക്കരെ മണലാരണ്യങ്ങളുടെ ഉഷ്ണക്കാറ്റേറ്റു വിളയുന്ന എണ്ണപ്പാടങ്ങളിൽ പൂക്കുന്ന അറബിപ്പൊന്നിന്റെ തിളക്കം നമ്മുടെ കൊച്ചു കേരളത്തിലെ ചെറുപ്പക്കാർക്ക് പുതിയൊരു
സ്വപ്നലോകത്തിന്റെ വാതായനങ്ങൾ തുറന്നിടുകയായിരുന്നു.
ഗൾഫ്നാടുകളിലെ എണ്ണപ്പാടങ്ങൾ ലോകത്തിന്റെ സമ്പദ്ഘടന തന്നെ മാറ്റിമറിക്കുകയാണെന്നും അവിടെ എത്തപ്പെട്ടാൽ അറബിക്കഥകളിലെ രാജകുമാരന്മാരെ പോലെ പൊന്നു വിളയിക്കാമെന്നുമൊക്കെ കടലിനിക്കരെയുള്ള കുറെ ചെറുപ്പക്കാർ സ്വപ്നം
കാണാൻ തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെസപ്പെട്ടോമിയൻ സംസ്ക്കാരത്തിന്റെ കൊടിയടയാളമായി വിരാജിച്ച പേർഷ്യൻ സാമ്രാജ്യം തകർന്നടിഞ്ഞതോടുകൂടി ദുബായ് എന്ന കൊച്ചു നഗരം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു.
ആടുവളർത്തലും മീൻപിടുത്തവുമായി കഴിഞ്ഞിരുന്ന അറബിനാട്ടിലെ ബുദ്ദൂസുകൾ
എണ്ണവില്പനയിലൂടെ ശതകോടീശ്വരൻമാരായ കാഴ്ചയാണ് ലോകത്തിന് പിന്നീട് കാണാൻ കഴിഞ്ഞത്.
മലബാറിലെ തീരപ്രദേശങ്ങളിൽ പ്രത്യേകിച്ച് ചാവക്കാട് ഭാഗങ്ങളിൽനിന്ന് കള്ളത്തോണി എന്ന പത്തേമാരിയിലൂടെ കടൽ കടന്നുപോയ മലയാളികളായ ചെറുപ്പക്കാർ ദുബായ് എന്ന ഇന്നത്തെ മഹാനഗരം പടുത്തുയർത്തുന്നതിൽ ഒരു വല്ലാത്ത പങ്കാണ് വഹിച്ചത്.
കേരളത്തിലെ പഠിച്ചവരും പഠിക്കാത്തവരുമായ യുവാക്കളുടെ വാഗ്ദത്തഭൂമിയായി ദുബായ് എന്ന സ്വപ്ന നഗരം .
നാട്ടിൽ പുരനിറഞ്ഞുനിൽക്കുന്ന പെൺകുട്ടികളെയെല്ലാം ഗൾഫുകാരനെ കൊണ്ട് കെട്ടിക്കാൻ മാതാപിതാക്കൾ മത്സരിച്ചു .

കയ്യിൽ റാഡോ വാച്ചും ,
കണ്ണിൽ റെയ്ബന്റെ കൂളിംഗ് ഗ്ലാസുമായി നാലഞ്ചു കൂറ്റൻ പെട്ടികളോടെ ടാക്സി കാറിൽ വന്നിറങ്ങിയ ദുബായിക്കാരനെ മലയാളിപെൺകുട്ടികളും സ്വപ്നം കാണാൻ തുടങ്ങി.
സ്വാഭാവികമായും നമ്മുടെ സാഹിത്യത്തിലും സിനിമയിലുമൊക്കെ ഗൾഫ് ജീവിതങ്ങളുടെ നിറം പിടിപ്പിച്ച കഥകൾ അക്ഷരരൂപത്തിലൂടെ കടന്നുവന്നു.
എം ടിയും എൻ പി മുഹമ്മദും ചേർന്നെഴുതിയ അറബിപ്പൊന്ന് , എൻ പി മുഹമ്മദിന്റെ എണ്ണപ്പാടം തുടങ്ങിയ നോവലുകളുടെ പശ്ചാത്തലം ഈ മണലാരണ്യങ്ങളായിരുന്നു .
ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് മറുനാടൻ മൂവീസിനു വേണ്ടി ഗൾഫ് മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കി

“വിൽക്കാനുണ്ട് സ്വപ്നങ്ങൾ ” എന്ന ചിത്രത്തിന്റെ തിരക്കഥ
എം ടി വാസുദേവൻ നായർ പൂർത്തിയാക്കുന്നത്.
വി ബി കെ മേനോൻ നിർമ്മിച്ച ഈ ചിത്രം ഗൾഫിൽ ചിത്രീകരിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ സിനിമയായി മാറി.

സത്യൻ ,നസീർ , മധു തുടങ്ങിയ ആദ്യകാല നായകന്മാർക്കു ശേഷം മലയാളസിനിമയിൽ തന്റേതായ വഴികൾ കണ്ടെത്തിയ സുകുമാരൻ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ .
എം ടി യുടെ കുറിക്കുകൊള്ളുന്ന സംഭാഷണങ്ങൾ സുകുമാരന്റെ പൗരുഷം കലർന്ന പ്രത്യേക ശബ്ദത്തിലൂടെ പുറത്തുവന്നപ്പോൾ തിയേറ്ററുകളിൽ ഉയർന്ന കൈയടി
ആ കാലത്തെ സിനിമാപ്രേക്ഷകർ ഓർക്കുന്നുണ്ടായിരിക്കും.
ഈ ചിത്രത്തോടു കൂടിയാണ് സുകുമാരന്റെ ഡയലോഗുകൾ മലയാള സിനിമയുടെ വിജയഘടകങ്ങളിൽ ഒന്നായി മാറിയത്.

നാട്ടിലെ കടുത്ത ദാരിദ്ര്യത്തിൽ നിന്നും രക്ഷനേടാൻ പത്തേമാരിയിലൂടെ കടൽകടന്ന് ദുബായിലെത്തി അറബിപ്പൊന്നിന്റെ സൗഭാഗ്യങ്ങളുമായി തിരിച്ചു വന്ന ഒരു ആദ്യകാല ഗൾഫുകാരന്റെ ജീവിത ദുഃഖങ്ങളുടെ കഥയായിരുന്നു

“വിൽക്കാനുണ്ട് സ്വപ്നങ്ങൾ ” . മഞ്ചേരി കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന പി ഐ മുഹമ്മദ് കുട്ടി എന്ന ചെറുപ്പക്കാരനാണ് ഈ സിനിമയിൽ ഉപനായകനായി അഭിനയിച്ചത് .
ഈ ഉപനായകനാണ് പിന്നീട്
മലയാള സിനിമയുടെ ചക്രവാളങ്ങൾ കീഴടക്കിയ മമ്മൂട്ടി എന്ന ഇതിഹാസതാരം .
“വിൽക്കാനുണ്ട് സ്വപ്നങ്ങൾ ” എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ലഭിച്ച പ്രതിഫലം വണ്ടിക്കൂലിക്കായി ലഭിച്ച 50 രൂപ മാത്രമായിരുന്നുവെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു.
സുകുമാരനും മമ്മൂട്ടിക്കും

പുറമേ സുധീർ , ശ്രീലത, ശ്രീവിദ്യ ,ശ്രീനിവാസൻ ,തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനം പഠിച്ചിറങ്ങിയ
എം ആസാദ് എന്ന യുവാവായിരുന്നു.

എം ടിയുടെ തന്നെ “പാതിരാവും പകൽവെളിച്ചവും ” എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ആസാദിന്റെ രണ്ടാമത്തെ സിനിമയായിരുന്നു വിൽക്കാനുണ്ട് സ്വപ്നങ്ങൾ .
തന്റെ മൂന്നാമത്തെ സിനിമ പുറത്തിറങ്ങാൻ കഴിയാത്തതിൽ വിഷാദരോഗിയായി മാറിയ ആസാദ് പിന്നീട് ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു.
പ്രവാസലോകത്തിന്റെ പച്ചയായ ജീവിതം ആദ്യമായി പറഞ്ഞ ഈ ചിത്രത്തിൽ രണ്ട് ഗാനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് .

പി പി ശ്രീധരനുണ്ണി എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം ബി ശ്രീനിവാസൻ .
ജയചന്ദ്രനും സി ഒ ആന്റോയും പാടിയ ” ചന്ദനക്കുളിർ വീശുന്ന മണിക്കാറ്റ് …..”
എന്ന ഗാനവും എസ് ജാനകി പാടിയ “ഭൂതലം നിന്റെ ഭദ്രാസനം ” എന്ന ഗാനവുമായിരുന്നു അത്.
1981 ഏപ്രിൽ 24ന് തിയേറ്ററുകളിലെത്തിയ “വിൽക്കാനുണ്ട് സ്വപ്നങ്ങൾ “എന്ന ചിത്രത്തിന്റെ നാല്പത്തിമൂന്നാം വാർഷിക ദിനമാണിന്ന്.

കഴിഞ്ഞ
അര നൂറ്റാണ്ടുകൊണ്ട് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളെ മാറ്റിമറിച്ച ഗൾഫ് പണത്തിന്റേയും ആ പണം ഈ നാട്ടിലുണ്ടാക്കിയ ജീവിത യാഥാർത്ഥ്യങ്ങളുടേയും നേർക്കാഴ്ചയായി ഇറങ്ങിയ ആദ്യത്തെ സിനിമ ഒട്ടേറെ ഗൾഫ് മലയാളികൾ
ഒരു പ്രത്യേക ഗൃഹാതുരത്വഭാവത്തിൽ ഇന്നും മനസ്സിൽ താലോലിക്കുന്നുണ്ട് .