
കണ്ണൂർ : എ.ഡി.എം നവീൻബാബുവിന് കൈക്കൂലി കൊടുത്തു എന്ന് ആരോപിച്ച ടി.വി പ്രശാന്തിനെതിരെ വിജിലൻസ് അന്വേഷണം തുടരുന്നു.
കണ്ണൂർ കോർപ്പറേഷൻ മുൻ മേയറും കോണ്‍ഗ്രസ് നേതാവുമായ ടി.ഒ മോഹനൻ, പ്രശാന്തിന്റെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി നല്‍കിയിരുന്നു.
ഈ പരാതിയില്‍ മോഹനന്റെ മൊഴിയെടുക്കുന്നതിനായി വിജിലൻസ് സംഘം ശനിയാഴ്ച ഉച്ചയോടെ കണ്ണൂരിലെത്തി. വിജിലൻസ് സൂപ്രണ്ട് അബ്ദുല്‍ റസാഖ് പരാതിക്കാരനായ മോഹനനെ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.
പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാരനായ പ്രശാന്തിന് എങ്ങനെയാണ് എ.ഡി.എമ്മിന് കൈക്കൂലി കൊടുക്കാനായി ഒരു ലക്ഷം രൂപ കിട്ടിയതെന്ന് മോഹനൻ തന്റെ പരാതിയില്‍ ചോദിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുകൂടാതെ, കോടികളുടെ നിക്ഷേപത്തില്‍ പെട്രോള്‍ പമ്പ് തുടങ്ങാനുള്ള സാമ്പത്തിക സ്രോതസ് പ്രശാന്തിന് എവിടെ നിന്നു ലഭിച്ചു എന്നും, ഇതിന് പിന്നില്‍ ബിനാമി ഇടപാടുകള്‍ ഉണ്ടോ എന്നും മോഹനൻ സംശയം ഉന്നയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ പ്രശാന്തിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും.
സർക്കാർ സർവീസിലിരിക്കെ വ്യവസായ സംരംഭം തുടങ്ങുന്നതിനായി അപേക്ഷ നല്‍കിയതിന് പ്രശാന്തിനെ ആരോഗ്യവകുപ്പില്‍ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.