
ചെന്നൈ: ഡോ. ബി.ആർ. അംബേദ്കറിനെതിരായ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തിൽ വിവാദം പുകയുമ്പോൾ, വിമർശനവുമായി നടൻ വിജയ് രംഗത്ത്. അംബേദ്കർ എന്ന പേരിനോട് ചിലർക്ക് അലർജിയാണെന്നും മഹത്തായ ആ നാമം സന്തോഷത്തോടെ ഉച്ചരിക്കണമെന്നും വിജയ് എക്സിൽ കുറിച്ചു. അംബേദ്കറിനെ അപമാനിക്കാൻ നാം ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹത്തെ അപമാനിച്ച അമിത് ഷായുടെ നടപടിയെ തമിഴക വെട്രി കഴകത്തിന്റെ പേരിൽ ശക്തമായി അപലപിക്കുന്നുവെന്നും വിജയ് കൂട്ടിച്ചേർത്തു.
“അംബേദ്കർ എന്ന പേരിനോട് ചിലർക്ക് അലർജിയുണ്ടാകാം. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളാലും ഉയർത്തിപ്പിടിക്കപ്പെട്ട സമാനതകളില്ലാത്ത രാഷ്ട്രീയ-ബൗദ്ധിക വ്യക്തിത്വമായിരുന്നു അദ്ദേഹം. അംബേദ്കർ… അംബേദ്കർ… അംബേദ്കർ… അദ്ദേഹത്തിന്റെ നാമം ഹൃദയം കൊണ്ടും അധരങ്ങളും സന്തോഷത്തോടെ ഉച്ചരിക്കട്ടെ. അദ്ദേഹത്തെ അപമാനിക്കാൻ നാം ഒരിക്കലും അനുവദിക്കരുത്. തമിഴക വെട്രി കഴകം പാർട്ടിയുടെ പേരിൽ, അംബേദ്കറെ അപമാനിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടിയെ ഞാൻ ശക്തമായി അപലപിക്കുന്നു.”- എന്ന് വിജയ് എക്സിൽ കുറിച്ചു.
ചൊവ്വാഴ്ച രാജ്യസഭയിലാണ് അംബേദ്കറെക്കുറിച്ച് ഷാ വിവാദ പരാമർശം നടത്തിയത്. “അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്നിങ്ങനെ പറയുന്നത് ഫാഷനായിരിക്കുന്നു. ഇതിനുപകരം ദൈവത്തിന്റെ പേരാണ് കോൺഗ്രസ് പറയുന്നതെങ്കിൽ, അവർക്ക് സ്വർഗത്തിൽ ഇടം കിട്ടുമായിരുന്നു” എന്നാണ് ഷാ പറഞ്ഞത്. ഭരണഘടനാ ചർച്ചയ്ക്ക് മറുപടി നൽകുമ്പോഴാണ് അമിത് ഷായുടെ പരാമർശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അംബേദ്കറെ അവഹേളിക്കുന്നത് കോൺഗ്രസാണെന്ന് ആരോപിച്ച് അമിത് ഷായ്ക്ക് പ്രതിരോധം തീർത്ത് പ്രധാനമന്ത്രിയും ബി.ജെ.പി. നേതാക്കളും അണിനിരന്നു. അംബേദ്കറുടെ പാരമ്പര്യം നശിപ്പിക്കുന്നതിന് ഹീനമായ തന്ത്രങ്ങൾ കോൺഗ്രസ് പ്രയോഗിച്ചെന്നും മോദി എക്സിൽ ആരോപിച്ചു. അംബേദ്കറെ അവഹേളിച്ചിട്ടില്ലെന്നും കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ പത്രസമ്മേളനം വിളിച്ച് വിശദീകരിച്ചു.അസത്യപ്രചാരണത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



