
വിജയ്യുടെ അവസാന സിനിമയായ ജനനായകന്റെ റിലീസ് പ്രതിസന്ധിയിൽ തുടരുന്നതിനിടെ ‘തെരി’ സിനിമയുടെ റീ-റിലീസ് പ്രഖ്യാപിച്ചു. വിജയിയുടെ പുതിയ ചിത്രം ‘ജനനായകൻ’ പൊങ്കൽ റിലീസിനായി എത്താൻ സാധ്യത കുറവായ സാഹചര്യത്തിലാണ് പത്താം വാർഷികത്തോടനുബന്ധിച്ച് തെരി വീണ്ടും ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്. പ്രമുഖ നിർമ്മാതാവ് കലൈപ്പുലി എസ്. താണു ആണ് ജനുവരി 15ന് തെരിയുടെ റീ-റിലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2016ൽ റിലീസ് ചെയ്ത ചിത്രം പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഈ ആഗോള റിലീസ്.
ഡിസിപി വിജയകുമാറായും ജോസഫ് കുരുവിളയായും വിജയ് പകർന്നാടിയ ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തത് അറ്റ്ലിയാണ്. സാമന്ത, എമി ജാക്സൺ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അതേസമയം ‘ജനനായകൻ’ സെൻസർ ബോർഡുമായുള്ള നിയമ തർക്കങ്ങളെ തുടർന്ന് റിലീസ് നീണ്ടുപോയേക്കും. ഡിസംബർ 18ന് സെൻസറിംഗിന് നൽകിയ ചിത്രത്തിന് ‘യുഎ 16+’ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ചില മാറ്റങ്ങൾ വരുത്താൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചതായി കെവിഎൻ പ്രൊഡക്ഷൻസിന്റെ വെങ്കട്ട് നാരായണ അറിയിച്ചു. കോടതി നടപടികളും സെൻസർ ബോർഡുമായുള്ള ചർച്ചകളും തുടരുന്ന സാഹചര്യത്തിൽ പൊങ്കലിന് ചിത്രം എത്തുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്.


