
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരിയായ നടി സുപ്രീം കോടതിയെ സമീപിച്ചു.
വിജയ് ബാബു നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് നടി ഹര്‍ജിയില്‍ പറയുന്നു. കേസില്‍ തെളിവുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നു ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയ് ബാബുവിന് എതിരെ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോസ്ഥരുടെ മുന്‍പാകെ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. നടനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും വിജയ് ബാബുവിനെ വിട്ടയച്ചു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. കേരളം വിട്ടുപോകാന്‍ പാടില്ല. അതിജീവിതയെയും കുടുംബത്തെയുംസമൂഹമാധ്യമങ്ങളില്‍ അപമാനിക്കരുത്, പരാതിക്കാരിയായ നടിയുമായി ഒരുതരത്തിലും ബന്ധപ്പെടരുത് തുടങ്ങിയ ഉപാധികളും ജാമ്യത്തിനായി വച്ചിട്ടുണ്ട്.
ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ബ്ലാക്ക്‌മെയിലിങ്ങിന്റെ ഭാഗമായുള്ള പരാതിയാണെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം. കോടതി നിര്‍ദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചത്.