video
play-sharp-fill
ലുങ്കിയും ഷർട്ടും ധരിച്ച് വേഷംമാറി അന്വേഷണസംഘം ; സിം ഉപേക്ഷിച്ചെങ്കിലും മൊബൈൽ മാറ്റാതിരുന്നത് സഹായകമായി ; ടാറ്റു ആർട്ടിസ്റ്റിനെ കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി

ലുങ്കിയും ഷർട്ടും ധരിച്ച് വേഷംമാറി അന്വേഷണസംഘം ; സിം ഉപേക്ഷിച്ചെങ്കിലും മൊബൈൽ മാറ്റാതിരുന്നത് സഹായകമായി ; ടാറ്റു ആർട്ടിസ്റ്റിനെ കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി

സ്വന്തം ലേഖകൻ

കാക്കനാട് : തെങ്ങോടിലെ വാടക വീട്ടിൽ മേക്കപ്പ് ആർട്ടിസ്റ്റ് വിജയ് ശ്രീധറിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ പ്രതി ടാറ്റൂ ആർട്ടിസ്റ്റ് ചണ്ഡിരുദ്ര (വെങ്കിടേഷ് 26) ഇവിടം വിട്ടതു വിജയിന്റെ മരണം ഉറപ്പാക്കും മുൻപ്.

സംഭവം നടന്ന രാത്രി രക്ഷപ്പെട്ടു പിറ്റേന്നു സ്വദേശമായ സെക്കന്ദരാബാദ് സുഭാഷ് നഗറിലെ വൃന്ദാവൻ കോളനിയിലെത്തിയ ശേഷം മലയാളം ടിവി ചാനൽ നോക്കിയാണ് വിജയ് മരിച്ചെന്നു ചണ്ഡി ഉറപ്പാക്കിയത്. നാട്ടിൽനിന്നു കേരള പൊലീസ് പിടികൂടിയ ചണ്ഡിരുദ്രയെ വ്യാഴാഴ്ച ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പൊലീസിന്റെ 2 സ്‌ക്വാഡ് സെക്കന്ദരാബാദിലെ പലയിടങ്ങളിലായി 3 ദിവസം നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. മലയാളി അസോസിയേഷൻ പ്രവർത്തകരുടെ സഹകരണത്തോടെയായിരുന്നു പൊലീസിന്റെ നീക്കം. ചേരി പ്രദേശമായ സുഭാഷ് നഗറിൽ പ്രതിയുണ്ടെന്നു വ്യക്തമായിട്ടും കണ്ടെത്തി കീഴ്‌പ്പെടുത്താൻ 8 മണിക്കൂർ വേണ്ടിവന്നു.

കേരള പൊലീസാണെന്നു സംശയം തോന്നാതിരിക്കാൻ മലയാളി അസോസിയേഷൻ പ്രവർത്തകരുടെ തെലുങ്കാന റജിസ്‌ട്രേഷനുള്ള കാറിൽ ലുങ്കിയും ഷർട്ടും ധരിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ സഞ്ചാരം. ചൊവ്വാഴ്ച രാത്രി ഉറക്കമൊഴിച്ചു നടത്തിയ നിരീക്ഷണത്തിനൊടുവിൽ ബുധനാഴ്ച ഉച്ചയോടെ ചണ്ഡിരുദ്രയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് പിന്നാലെ പ്രതി മൊബൈൽ സിം കളഞ്ഞെങ്കിലും, മൊബൈൽ ഫോൺ മാറ്റാതിരുന്നത് പൊലീസിന് സഹായമായി. സൈബർ പൊലീസിന്റെ സഹായത്തോടെ മൊബൈൽ സദാ നിരീക്ഷണത്തിലായിരുന്നു.

വിജയിയോടു മുൻവൈരാഗ്യം ഇല്ലെന്നും രാത്രി തെങ്ങോടിലെ വാടക വീട്ടിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണമെന്നും ചണ്ഡിരുദ്ര പൊലീസിനോടു പറഞ്ഞെങ്കിലും ഇതു പൂർണമായി വിശ്വസിച്ചിട്ടില്ല.

ഒരേ നാട്ടുകാരായ ഇരുവരും തമ്മിലുള്ള ബന്ധവും ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട വിജയ് ശ്രീധർ 3 ആഴ്ച മുൻപ് മേക്കപ്പ് ആർട്ടിസ്റ്റ് കം മാനേജറായി ജോലിക്കു ചേർന്ന ഇടച്ചിറയിലെ ബ്യൂട്ടി പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റായി ജോലിക്കു ചേരാനാണ് കൊലപാതകത്തിനു 2 ദിവസം മുൻപ്് എത്തിയതെന്നു ചണ്ഡിരുദ്ര പൊലീസിനോടു പറഞ്ഞു.

സംഭവ ദിവസം രാത്രി ജോലി കഴിഞ്ഞു ഇരുവരും ബ്യൂട്ടി പാർലർ ഉടമയും ഒരുമിച്ചാണ് വാടക വീട്ടിലെത്തിയത്. മദ്യപിക്കുന്നതിനിടെ വാക്കു തർക്കമുണ്ടായി. ഇതിനിടെ ഉടമ സ്വന്തം വീട്ടിലേക്ക് മടങ്ങി.

ചണ്ഡിരുദ്രയും വിജയ് ശ്രീധറും മദ്യപാനം തുടർന്നു. വാഗ്വാദം മുറുകി
കൊലപാതകത്തിലെത്തുകയായിരുന്നു. മദ്യം അല്ലാത്ത ലഹരി വസ്തുക്കൾ ഇവർ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു.

കുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല. വാടക വീട്ടിൽനിന്നു രക്ഷപ്പെടും വഴി ആയുധം ഉപേക്ഷിച്ചെന്നു പറയുന്ന സ്ഥലത്തു ഇന്നു പൊലീസ് പരിശോധന നടത്തും. ബ്യൂട്ടി പാർലറിലും കൊലപാതകം നടന്ന വീട്ടിലും പ്രതിയെ തെളിവെടുപ്പിനെത്തിച്ച ശേഷം വൈകിട്ട് കോടതിയിൽ ഹാജരാക്കും.

ഇൻഫോപാർക്ക് എസ്ഐ എ.എൻ.ഷാജു, എഎസ്ഐ സി.അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.വി.ഡിനിൽ, ഹരികുമാർ, അനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മലയാളി അസോസിയേഷൻ ഭാരവാഹികളായ സുരേന്ദ്രൻ, ജോബി, ടോമിച്ചൻ, ജിബു തുടങ്ങിയവരായിരുന്നു സഹായികൾ.