നടൻ വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും താൽക്കാലികമായി മാറ്റി; തന്നെ മാറ്റി നിര്‍ത്തണമെന്ന വിജയ് ബാബുവിന്റെ ആവശ്യം ‘അമ്മ’ ഭാരവാഹികള്‍ അംഗീകരിക്കുകയായിരുന്നു
സ്വന്തം ലേഖകൻ
കൊച്ചി: ലൈംഗിക പീഡന കേസിൽ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കി. തന്നെ മാറ്റി നിര്‍ത്തണമെന്ന വിജയ് ബാബുവിന്റെ ആവശ്യം ‘അമ്മ’ ഭാരവാഹികള്‍ അംഗീകരിക്കുകയായിരുന്നു.
ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തന്നെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബു കത്തു നല്‍കിയിരുന്നു. ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനാലാണ് മാറി നില്‍ക്കുന്നത് എന്ന് വിജയ് ബാബു കത്തില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയ് ബാബുവിന് എതിരെ നടപടി വേണമെന്ന് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോഴിക്കോട് സ്വദേശിനിയായ യുവനടിയുടെ പരാതിയിന്‍മേലാണ് വിജയ് ബാബുവിന് എതിരെ കേസെടുത്തത്. സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിതവണ ബലാത്സംഗം ചെയ്തു എന്നാണ് പരാതി.
പരാതിക്ക് പിന്നാലെ, യുവതിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ഫെയ്‌സ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിന് എതിരെ കേസെടുത്തിട്ടുണ്ട്. ദുബൈയിലേക്ക് കടന്ന വിജയ് ബാബുവിന് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.