
ബലാത്സംഗ കേസ്; നടനും നിർമ്മാതാവുമായ വിജയ് ബാബു ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും
സ്വന്തം ലേഖകൻ
കൊച്ചി: ബലാത്സംഗ കേസിൽ നടൻ വിജയ് ബാബു ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും. കേസിൽ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആണ് വിജയ് ബാബു വ്യക്തമാക്കിയിട്ടുള്ളത്.
കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.പ്രതി വിദേശത്തായതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ ആയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ഫേസ്ബുക്ക് ലൈവിൽ ഇന്നലെ രാത്രി പ്രത്യക്ഷപ്പെട്ടിരുന്നു. ലൈവിനിടെ പരാതിക്കാരിയുടെ പേരുവിവരവും ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് കൊച്ചി ഡി.സി.പി വ്യക്തമാക്കിയിരുന്നു. നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് വിജയ് ബാബുവിനെതിരെ പെൺകുട്ടി ഉന്നയിച്ചത്.
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് അടിവയറ്റിൽ ചവിട്ടുകയും മുഖത്ത് തുപ്പുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. വിശദാംശങ്ങൾ ഫേസ്ബുക്കിലും പെൺകുട്ടി പങ്കുവെച്ചിട്ടുണ്ട്.