play-sharp-fill
നടിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയിൽ

നടിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി നിർമ്മാതാവും നടനുമായ വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു.


ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി ഇന്നു തന്നെ പരിഗണിക്കണമെന്ന് വിജയ് ബാബുവിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടേക്കും. തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ തൻ്റെ കൈവശമുണ്ടെന്നും ഹർജിയിൽ വിജയ് ബാബു പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും ഹർജിയിൽ വിജയ് ബാബു വ്യക്തമാക്കുന്നു. അതേസമയം ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താനാണ് സാധ്യത.

വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു.

അതേസമയം വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് വച്ച് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉള്ളത്.

മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നും പരാതിയിലുണ്ട്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി വിജയ് ബാബുവിൽ നിന്നും തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു.

നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ശേഖരിച്ചത്. മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെല്ലുകയും പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൊച്ചി പനമ്പള്ളി നഗറിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നും പൊലീസ് ശേഖരിച്ചു. ഇവരെ കണ്ടതായുള്ള സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചു. സാക്ഷികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.