
കോട്ടയം: അധ്യാപക പുനര്നിയമനത്തിന് കൈക്കൂലി വാങ്ങിയ കേസിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ . പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷൻ ഓഫീസർ സുരേഷ് ബാബു ആണ് അറസ്റ്റിലായത്.
കോട്ടയം വിജിലൻസ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയൻ നേരത്തെ പിടിയിലായിരുന്നു. ഫയലുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് പ്രതികൾ കൈക്കൂലിയായി വാങ്ങിയത്.
പാലാ ഉപജില്ലയിലെ മൂന്ന് അധ്യാപകരുടെ പുനർ നിയമനം സംബന്ധിച്ച ഫയലുകൾ ശരിയാക്കി നൽകാമെന്നു പറഞ്ഞാണ് പ്രതി കെ.പി വിജയൻ ഒന്നര ലക്ഷം രൂപ കൈകൂലി ആവശ്യപ്പെട്ടത്. നിയമന നടപടികൾ പൂർത്തിയാകുമ്പോൾ ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു ധാരണ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് ഒന്നര ലക്ഷം രൂപ കൈമാറുന്നതിനിടെ കോട്ടയം വിജിലൻസ് ഡിവൈഎസ്പി രവികുമാറും സംഘവുമാണ് വിജയനെ പിടികൂടിയത് .
സെക്രട്ടറിയേറ്റിൽ നിന്നും പരാതിക്കാരായ അധ്യാപകരുടെ ഫയലുകൾ സംബന്ധിച്ച വിവരങ്ങൾ ഇയാൾക്ക് കിട്ടിയതിനു പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം ഉണ്ടെന്നാണ് വിജിലൻസ് നിഗമനം. വിവര ശേഖരണത്തിനായി വിജയനെ കൂടുതൽ ചോദ്യം ചെയ്യും.
റിമാൻഡിലായ വിജയനെ കസ്സ്റ്റഡിയിൽ ലഭിക്കുന്നതിന് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. പ്രതിയുടെ ഫോൺ വിശദാംശങ്ങളും വിജിലൻസ് തേടിയിട്ടുണ്ട്.
വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ്.പി ആർ ബിനു കുമാറിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി വി ആർ രവികുമാറിന്റെ നേതൃത്വത്തിൻ സി.ഐ പ്രദീപ് എസ്, എസ്.ഐ ജയ്മോൻ വി.എം, എ.എസ്.ഐ രജീഷ് എം.ജി , എസ്.സി.പി ഒ വിബിൻ ബാബു എന്നിവരുടെ സംഘമാണ് ഇന്ന് തിരുവനന്തപുരത്തു നിന്നും രണ്ടാം പ്രതിയെ പിടികൂടിയത്.