സാധാരണക്കാരുടെ പരാതിയ്ക്ക് പുല്ലുവില: ഓഫിസ് തുറക്കുന്നത് തോന്നുന്ന സമയത്ത്; ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കുത്തഴിഞ്ഞ പ്രവർത്തനങ്ങൾ

സാധാരണക്കാരുടെ പരാതിയ്ക്ക് പുല്ലുവില: ഓഫിസ് തുറക്കുന്നത് തോന്നുന്ന സമയത്ത്; ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കുത്തഴിഞ്ഞ പ്രവർത്തനങ്ങൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: സാധാരണക്കാരുടെ പരാതികൾക്ക് പുല്ലുവില കൽപ്പിച്ച് എഴുതിത്തള്ളി ഭക്ഷ്യസുരക്ഷാ വിഭാഗം. തോന്നുമ്പോൾ ഓഫിസ് തുറക്കുകയും, ഫയലുകൾ കൃത്യമായി മാനേജ് ചെയ്യുന്നുമില്ലെന്നാണ് എല്ലാ ഓഫിസുകളിലും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.


കോട്ടയം ജില്ലയിലെ പാലാ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഓഫിസിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് വിജിലൻസ് സംഘം എത്തുമ്പോൾ ഓഫിസ് പൂട്ടിക്കിടക്കുകയായിരുന്നു. ഒരാൾ പോലും ഇവിടെ ജോലിയ്ക്ക് എത്തിയിരുന്നുമില്ല. അരമണിക്കൂറോളം വിജിലൻസ് സംഘം കാത്തു നിന്ന ശേഷമാണ് ഉദ്യോഗസ്ഥർ എത്തിയതും ഓഫിസ് തുറന്നതും. കോട്ടയം വിജിലൻസ് യൂണിറ്റിലെ സിഐമാരായ റിജോ പി.ജോസഫും, നിഷാദമോനുമാണ് ഉദ്യോഗസ്ഥർ വരാൻ വേണ്ടി കാത്തു നിന്നത്. രാവിലെ 11 മണിയോടെ വിജിലൻസ് സംഘം എത്തിയപ്പോൾ ഓഫിസ് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് 11.30 ഓടെയാണ് ഉദ്യോഗസ്ഥർ എത്തി ഓഫിസ് തുറന്ന് പരിശോധന നടത്തിയത്.
സംസ്ഥാന വ്യാപകമായി വിജിലൻസ് വിഭാഗം ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്. ജില്ലയിൽ സിവിൽ സ്‌റ്റേഷനിലെ ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണറുടെ ഓഫിസിലും, ഏറ്റുമാനൂർ, പാലാ, വടവാതൂർ എന്നിവിടങ്ങളിലെ ഫുഡ് ഇൻസ്‌പെക്ടർമാരുടെ ഓഫിസുകളിലുമാണ് പരിശോധന നടത്തിയത്.
എല്ലാ ഓഫിസിലും വ്യാപകമായി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരുടെ പരാതികൾ കേൾക്കുന്നതിനും ഇത് പരിഗണിക്കുന്നതിനും, പരിഹാരം കാണുന്നതിലും വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരാതികൾ പലതും കൃത്യമായി അന്വേഷണം നടത്തി പരിഹരിച്ചതായാണ് വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, പരാതിക്കാരെ വിജിലൻസ് വിളിച്ചപ്പോൾ പരാതിയിൽ അന്വേഷണം തുടരുകയാണെന്നാണ് തങ്ങളെ അറിയിച്ചതെന്ന മറുപടിയാണ് ലഭിച്ചത്.
സെവൻ അപ്പ് അടക്കമുള്ള കോളകളുടെ വ്യാജൻമാർ നൽകി കബളിപ്പിക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ കാര്യമായ നടപടികൾ ഒന്നും എടുക്കുന്നില്ലെന്നും കണ്ടെത്തയിട്ടുണ്ട്. ലാബുകളിൽ അയക്കുന്ന സാമ്പിളുകളിൽ കൃത്യമായ പരിശോധന നടക്കുന്നില്ലെന്നും, ഈ സാമ്പിളുകളിൽ ഫലം വരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരുടെ പക്കലുള്ള പണം എത്രയുണ്ടെന്ന് രേഖപ്പെടുത്തുന്ന ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ കൃത്യമായി പരിപാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്്. പല ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ പോലുമില്ലെന്നും കണ്ടെത്തി. പരിശോധനയ്ക്കായി ശേഖരിക്കുന്ന സാമ്പിളുകൾ സൂക്ഷിക്കുന്ന രജിസ്റ്ററും കൃത്യമായി പരിപാലിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിജിലൻസ് റിപ്പോർട്ട് സർക്കാരിനു നൽകും.
വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ പരിശോധനകൾ. ഡിവൈഎസ്.പിമാരായ എസ്.സുരേഷ്‌കുമാർ, മനോജ്, സി.ഐമാരായ എ.ജെ തോമസ്, പി.എ മുബാറക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group