അഴിമതിക്കാരിയ്ക്ക് ഒടുവിൽ സസ്‌പെൻഷൻ: നഗരസഭയിലെ അസി.എൻജിനീയറെ സസ്‌പെന്റ് ചെയ്തത് 24 മണിക്കൂറിനു ശേഷം; ഡെയ്‌സിയെ സസ്‌പെന്റ് ചെയ്തത് നഗരസഭയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ അഴിമതിക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് ഒടുവിൽ സസ്‌പെൻഷൻ. കോട്ടയം നഗരസഭയിലെ അസി.എൻജിനീയർ കാരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന അസി.എൻജിനീയർ കൊട്ടാരക്കര പൂയപ്പള്ളി ജിജോ ഭവനിൽ എം.പി ഡെയ്‌സിയെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സസ്‌പെന്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിനു പിടിയിലായ ഡെയ്‌സിയെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സസ്‌പെന്റ് ചെയ്ത് ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ ഒരു മാസത്തിനിടെ കോട്ടയം നഗരസഭയിൽ കൈക്കൂലി വാങ്ങിയതിന് സസ്‌പെന്റ് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം രണ്ടായി.
വിജിലൻസിന്റെ കേസിൽ ഡെയ്‌സിയെ പിടികൂടിയപ്പോൾ തന്നെ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന ഡെയ്‌സിയെ സസ്‌പെന്റ് ചെയ്യണമെന്ന് കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, ഇവരുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചെങ്കിലും വകുപ്പ് അധികൃതർ നടപടി വൈകിപ്പിക്കുകയായിരുന്നു. തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് ഇവരുടെ സസ്‌പെൻഷൻ വൈകുന്നതിനെതിരെ വാർത്ത നൽകി. ഈ വാർത്തയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉടൻ തന്നെ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.
ഇതിനിടെ ഡെയ്‌സിക്കെതിരായ കേസിന്റെ നടപടികൾ കോടതിയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനിടെ വിജിലൻസ് സംഘവും ആരംഭിച്ചു. ഇവർക്കെതിരെയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ സ്വത്ത് വിവരങ്ങൾ വിജിലൻസ് പരിശോധിക്കുകയാണ്. ഈ പരിശോധനയുടെ ഭാഗമായി ഡെയ്‌സിയുടെ വീട്ടിൽ പരിശോധന നടത്തും. കേസിന്റെ ഭാഗമായുള്ള നടപടികൾ പൂർത്തിയാക്കി കോടതിയിൽ സമർപ്പിച്ചാൽ വിജിലൻസ് കോടതിയിൽ ഹാജരായി ഡെയ്‌സി ജാമ്യമെടുക്കേണ്ടിയും വരും.