
കെട്ടിട നമ്പർ ലഭിക്കുന്നതിന് 5000 കൈക്കൂലി ; ഓവർസിയർ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ പത്രോസ് പിടിയിലായത്.
പാച്ചല്ലൂർ സ്വദേശിയിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിടെ ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്‌തത്. പരാതിക്കാരന്‍റെ വിദേശത്തുള്ള മരുമകൻ പണികഴിപ്പിക്കുന്ന അപ്പാർട്ട്മെന്‍റിന്‍റെ കെട്ടിട നമ്പർ ലഭിക്കുന്നതിന് കംപ്ലീഷൻ പ്ലാനും രേഖകളും തിരുവല്ലം സോണൽ ഓഫീസിൽ സമർപ്പിച്ചിരുന്നു.
പിന്നീട് നടന്ന പരിശോധനയിൽ അപ്പാർട്ട്മെന്‍റിന് പുറത്ത് ശൗചാലയം പണിയണമെന്ന് നിർദ്ദേശം നൽകി. ശൗചാലയം പണികഴിപ്പിച്ച ശേഷം പരാതിക്കാരൻ ഓവർസിയറെ പല വട്ടം അറിയിച്ചിട്ടും പരിശോധനയ്ക്ക് എത്തിയില്ല. തുടർന്ന് ഓഫീസിൽ എത്തി നേരിൽ കണ്ടതോടെ ഓവർസിയർ പരാതിക്കാരനോടൊപ്പം സ്ഥലപരിശോധനയ്ക്കെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കെട്ടിട നിർമ്മാണത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് താൻ കണ്ണടച്ചാൽ മാത്രമേ കെട്ടിട നമ്പർ ലഭിക്കുകയുള്ളുവെന്നും പറഞ്ഞ 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ പരാതിക്കാരൻ തിരുവനന്തപുരം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിജിലൻസ് നിർദേശം അനുസരിച്ച് ഓഫീസിലെത്തിയ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കൈയ്യോടെ പിടികൂടുകയായിരുന്നു.