പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ ആവശ്യപ്പെട്ടത് 2 ലക്ഷം രൂപ ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ ; ഹോട്ടലിൽ വെച്ച് പരാതിക്കാരൻ ആദ്യ ഗഡുവായി 50,000 രൂപ കൈമാറുന്നതിനിടെയാണ് വിജിലൻസിൻ്റെ പിടിയിലായത്

Spread the love

കോഴിക്കോട് : പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. പന്തീരാങ്കാവ് വില്ലേജ് ഓഫിസർ കണ്ണൂർ ചാലാട് സ്വദേശി എം.പി.അനിൽകുമാറാണു പിടിയിലായത്. മെഡിക്കൽ കോളജിന് സമീപത്തെ ഹോട്ടലിൽ പരാതിക്കാരൻ 50,000 രൂപ കൈമാറുന്നതിനിടെയാണു വിജിലൻസിന്റെ പിടിയിലായത്. പന്തീരാങ്കാവ് കൈമ്പാലത്തെ ഒരേക്കർ ഭൂമിയിൽ 30 സെന്റ് തരം മാറ്റുന്നത് സംബന്ധിച്ച് 2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

ആദ്യ ഗഡുവായി 50,000 രൂപ മെഡിക്കൽ കോളജിനു സമീപത്തെ ഹോട്ടലിൽ എത്തിച്ച് നൽകാനായിരുന്നു പരാതിക്കാരനോട് ഇയാൾ ആവശ്യപ്പെട്ടത്. വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നൽകിയ ഫിനോഫ്‌‌തലിൻ വിതറിയ കറൻസി നോട്ട് കൈമാറുന്നതിനടെ വിജിലൻസ് എത്തി പരിശോധന നടത്തി അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തു. 15 വർഷമായി അനിൽകുമാർ വില്ലേജ് ഓഫിസറാണ്. ഈ വർഷമാണ് പന്തീരാങ്കാവിലേക്ക് സ്ഥലം മാറി എത്തിയത്.

ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നതിനാൽ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് കൈക്കൂലി കേസിൽ പിടിയിലായത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിജിലൻസ് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ.കെ.ബിജുവിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ കെ.ആഗേഷ്, എസ്‌ഐമാരായ സുജിത് പെരുവടത്ത്, ശശികുമാർ, രാധാകൃഷ്ണൻ, എഎസ്‌ഐമാരായ രൂപേഷ്, ബിനു, സീനിയർ സിപിഒമാരായ ശ്രീകാന്ത്, ധനേഷ് എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group