സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് നൽകണമെങ്കിൽ ഒരു ലക്ഷം രൂപ കൈക്കൂലി നൽകണം; തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻറ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ; വിജിലൻസ് പിടികൂടിയത് കോട്ടയം നഗരസഭയിലെ മുൻ അസിസ്റ്റൻറ് എൻജിനീയർ കൂടിയായ പെരും കള്ളനെ
തൊടുപുഴ : സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് നൽകുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ തൊടുപുഴ മുനിസിപ്പല്‍ അസിസ്റ്റന്റ് എഞ്ചിനീയർ ടി.സി അജി വിജിലൻസ് പിടിയിലായി.
തൊടുപുഴ ബി.റ്റി.എം. എല്‍.പി സ്കൂളിന് വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനായി സ്കൂള്‍ മാനേജർ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ മാസം അപേക്ഷ സമർപ്പിച്ചിരുന്നു.
അപേക്ഷയിൻമേൽ പരിശോധന നടത്തിയ അജി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ഒരു ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് സ്കൂൾ മാനേജ്മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്ന് സ്കൂൾ അധികൃതർ വിജിലൻസ് കിഴക്കൻ മേഖലാ മേധാവി ബിജോ അലക്സാണ്ടറെ സമീപിച്ചു. ഇതോടെയാണ് വിജിലൻസ് സംഘം കെണി ഒരുക്കി തൊടുപുഴ മുനിസിപ്പാലിറ്റി അസിസ്റ്റൻറ് എൻജിനീയർ അജിയെ പിടികൂടിയത്.
അജി മാസങ്ങൾ മുൻപ് വരെ കോട്ടയം നഗരസഭയിലെ അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. നഗരസഭയുടെ നാട്ടകം സോണിലും പിന്നീട് മെയിൻ ഓഫീസിലും അസിസ്റ്റന്റ് എൻജിനീയറായി ജോലി ചെയ്ത സമയത്ത് നിരവധി അനധികൃത കെട്ടിടങ്ങൾക്കാണ് അജി പെർമിറ്റ് നൽകാൻ ഒത്താശ ചെയ്തത്
അക്കാലയളവിൽ അജിക്കെതിരെ വ്യാപക അഴിമതി ആരോപണവും ഉയർന്നിരുന്നു. കോട്ടയം നഗരസഭയിൽ ജോലി ചെയ്യുമ്പോൾ നിരവധി തവണ വിജിലൻസ് കെണി ഒരുക്കിയെങ്കിലും അജി വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.
കിഴക്കൻ മേഖല വിജിലൻസ് എസ്പി ബിജോ അലക്സാണ്ടറുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി ഷാജു ജോസ്, ഇൻസ്പെക്ടർമാറായ ടിപ്സൺ തോമസ് മേക്കാടൻ, ഷിൻ്റോ.പി.കുര്യൻ, ഫിലിപ് സാം, ഷെഫീർ, പ്രദീപ്, പോലീസ് സബ് ഇൻസ്പെക്ടർമാരായ സഞ്ജയ്, ബിജു വർഗ്ഗീസ്, ബിജു കുര്യൻ, പ്രമോദ്, സ്റ്റാൻലി തോമസ്, പോലീസ് ഉദ്യോഗസ്ഥരായ ബേസിൽ, കുര്യൻ, ഷിനോദ്, സന്ദീപ്, മുഹമ്മദ് എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.