video
play-sharp-fill
കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആയുർവേദ ഡോക്ടറുടെ ജാമ്യം തള്ളി: ഡോക്ടർ അബ്ദുള്ള വ്യാജ മരുന്നുണ്ടാക്കി വിറ്റ കേസിൽ നടപടി നേരിട്ടയാൾ; മുൻപും വിജിലൻസ് കേസിൽ കുടുങ്ങിയ പ്രതി

കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആയുർവേദ ഡോക്ടറുടെ ജാമ്യം തള്ളി: ഡോക്ടർ അബ്ദുള്ള വ്യാജ മരുന്നുണ്ടാക്കി വിറ്റ കേസിൽ നടപടി നേരിട്ടയാൾ; മുൻപും വിജിലൻസ് കേസിൽ കുടുങ്ങിയ പ്രതി

സ്വന്തം ലേഖകൻ

കോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആയുർവേദ ഡോക്ടർ ഡോ.യു.സി അബ്ദുള്ള മുൻപും അഴിമതിക്കേസിൽ നടപടി നേരിട്ടയാൾ. ഇത് അടക്കമുള്ള റിപ്പോർട്ടുകൾ കോട്ടയം വിജിലൻസ് യൂണിറ്റ് കോടതിയിൽ സമർപ്പിച്ചതോടെയാണ് ഇന്നലെ വിജിലൻസ് കോടതി ഡോക്ടറുടെ ജാമ്യാപേക്ഷ തള്ളിയത്. വ്യാജ മരുന്നുണ്ടാക്കി വിൽപ്പന നടത്തിയ കേസിൽ കോഴിക്കോട് ജോലി ചെയ്യുമ്പോൾ ഇദ്ദേഹത്തിന്റെ രണ്ട് ഇൻക്രിമെന്റുകൾ ആയുർവേദ വകുപ്പ് കട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കൈക്കൂലിക്കേസിൽ കുടുങ്ങിയത്.
വെള്ളിയാഴ്ചയാണ് ഡോക്ടറുടെ ജാമ്യാപേക്ഷ കോട്ടയം വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ, ഇവിടെ അപേക്ഷ ലഭിച്ചതിനു പിന്നാലെയാണ് വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിച്ചത്. നേരത്തെ കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ഓഫിസറായിരിക്കെയായിരുന്നു ഡോക്ടർ നടപടി നേരിട്ടത്. കോഴിക്കോട് തന്നെയുള്ള എസ്.എൻ.എ ആശുപത്രിയിലെ ബാലൻ എന്ന ജീവനക്കാരനുമായ ചേർന്ന് ദേവതാർവാടി ചൂർണ്ണ്ം എന്ന പേരിൽ അബ്ദുള്ള ഡോക്ടർ സ്വയം മരുന്നുണ്ടാക്കി. ഈ മരുന്ന് ബാലന്റെ മെഡിക്കൽ ഷോപ്പിൽ വച്ച് വിൽപ്പന നടത്തുകയായിരുന്നു. ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ഇതേ മരുന്നു തന്നെ ഡോക്ടർ കുറിച്ച് നൽകും. ഈ മരുന്ന് വിറ്റു കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് അബ്ദുള്ള ഡോക്ടർക്കും നൽകും. ഇത്തരത്തിൽ ഡോക്ടറും ജീവനക്കാരനും ചേർന്ന് കച്ചവടം നടക്കുന്നതായി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് ലഭിച്ചു. തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അബ്ദുള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡോക്ടർക്കെതിരെ വിജിലൻസ് റിപ്പോർട്ടും സമർപ്പിച്ചു. തുടർന്ന് ആയുർവേദ വകുപ്പിലെ വിജിലൻസ് നടത്തിയ പരിശോധനയിൽ ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ രണ്ട് ഇൻക്രിമെന്റ് റദ്ദ് ചെയ്ത് ഭാരതീയ ചികിത്സ വകുപ്പ് നേരത്തെ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജിലൻസ് സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്നാണ് ഡോക്ടറുടെ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.