‘വിദ്യാവാഹിനി’ അനിശ്ചിതത്വത്തിൽ, കുടിശ്ശിക നൽകിയിട്ടില്ല, വാഹനങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഉടമകൾ, കൂട്ടത്തോടെ പഠനം നിർത്തി ആദിവാസി കുട്ടികൾ
വയനാട്: ആദിവാസി വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്നതിനായി തുടങ്ങിയ ‘വിദ്യാവാഹിനി’ പദ്ധതിയ്ക്കായി വാഹനങ്ങൾ വിട്ടുകൊടുക്കാൻ വാഹന ഉടമകൾ തയാറാകുന്നില്ല. 2022-23 വർഷത്തെ ഏഴ് മാസത്തെ കുടിശ്ശിക ലഭിക്കാത്തതാണ് കാരണം. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലടക്കം പദ്ധതിയിൽ വാഹനങ്ങൾ നൽകാൻ ഉടമകൾ തയാറാകുന്നില്ല. ട്രൈബൽ വകുപ്പ് ഇടപെട്ട് പദ്ധതി തുടങ്ങുന്നതിനാവശ്യമായ നിർദേശം വിദ്യാലയങ്ങൾക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങൾ വാഹനം ഓടേണ്ട റൂട്ട് തിരിച്ച് കഴിഞ്ഞ ദിവസം ക്വട്ടേഷൻ വിളിച്ചിരുന്നു.
എന്നാൽ, നിരവധി വിദ്യാലയങ്ങൾ ഇത്തരത്തിൽ വാഹനം ഓടിക്കാൻ തയാറായി. എന്നാൽ, ഒരു വാഹന ഉടമകളും ക്വട്ടേഷൻ നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. ഇതോടെ ഏറ്റെടുക്കാൻ ആളില്ലാതായതോടെ പദ്ധതി അനശ്ചിതത്വത്തിലായി. കഴിഞ്ഞ വർഷത്തെ തുക നൽകാതെ ഓടാനാകില്ലെന്നാണ് വാഹന ഉടമകൾ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ മാനദണ്ഡപ്രകാരം കിലോമീറ്ററിന് 20 രൂപയാണ് വാഹനങ്ങൾക്ക് ലഭിക്കുക. ഈ തുകയേക്കാൾ ഉയർന്ന തുക ചെലവ് വരുമെന്നാണ് വാഹന ഉടമകൾ പറയുന്നത്. പുതിയ അധ്യയന വർഷം തുടങ്ങിയ ജൂൺ മൂന്നു മുതൽ തന്നെ ‘വിദ്യാവാഹിനി’ ഓട്ടം തുടങ്ങാൻ വിദ്യാലയങ്ങൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും പദ്ധതിയിലെ ആശങ്ക തുടരുകയായിരുന്നു.
പൊതു വിഭാഗത്തിലെ കുട്ടികൾ കൃത്യമായി സ്കൂളിൽ എത്തുന്നുണ്ടെങ്കിലും വാഹന സൗകര്യം ലഭിക്കാതായതോടെ ആദിവാസി വിദ്യാർഥികൾ കൂട്ടത്തോടെ പഠനം നിർത്തിയ അസ്ഥയിലാണ്. കഴിഞ്ഞവർഷം വരെ വിദ്യാലയങ്ങളിൽ നിന്ന് ക്വട്ടേഷൻ വിളിക്കുകയും ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ ലഭിക്കുന്ന വാഹനങ്ങൾക്ക് പദ്ധതി നൽകുകയുമായിരുന്നു ചെയ്തിരുന്നത്.
എന്നാൽ, പുതിയ പദ്ധതി പ്രകാരം സർക്കാർ നിശ്ചയിച്ച തുകയിൽ കൂടുതലുള്ള ക്വട്ടേഷനുകൾ സ്വീകരിക്കില്ല. മാനന്തവാടി നഗരസഭയിലും തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിലും പദ്ധതി ഇതുവരെ തുടങ്ങാത്തത് എതിർപ്പിനിടയാക്കിയിട്ടുണ്ട്. സർക്കാർ നിശ്ചയിച്ച നിരക്കിൽ ഓടാൻ കഴിയില്ലെന്ന് രേഖാമൂലം കഴിഞ്ഞ വർഷം തന്നെ ഡ്രൈവർമാർ അറിയിച്ചിരുന്നു.
പ്രശ്നം താത്കാലികമായി പരിഹരിച്ച് ഓടുകയുമായിരുന്നു. പുതുതായി ഇറക്കിയ സർക്കാർ മാനദണ്ഡ പ്രകാരം തൊട്ടടുത്ത വിദ്യാലയങ്ങളിലേക്ക് മാത്രമാണ് വിദ്യാവാഹിനി അനുവദിക്കുക. എന്നാൽ, അടുത്തുള്ള വിദ്യാലയങ്ങൾ മറികടന്ന് മറ്റ് വിദ്യാലയങ്ങളിലേക്ക് പോകുന്ന വാഹനങ്ങളിൽ ഈ കുട്ടികളെ കൂടി ഉൾപ്പെടുത്തിയതും പദ്ധതി ആശങ്കയിലാവാൻ ഇടയാക്കിയിട്ടുണ്ട്.
ദൂരെയുള്ള വിദ്യാലയങ്ങളിൽ ചേർന്ന കുട്ടികളെ പ്രൊമോട്ടർമാർ കണ്ടെത്തി അടുത്ത വിദ്യാലയങ്ങളിൽ ചേർത്താൽ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ജൂൺ മൂന്നു മുതൽ തന്നെ വിദ്യാവാഹിനി ഓട്ടം തുടങ്ങാൻ വിദ്യാലയങ്ങൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും പദ്ധതിയിലെ അവ്യക്തത കാരണം നടപ്പിലായിട്ടില്ല.