video
play-sharp-fill
വിധി എന്താണെങ്കിലും നടപ്പാക്കും: എന്തിനെയും നേരിടാനൊരുങ്ങി സർക്കാരും സിപിഎമ്മും; തന്ത്രപരമായ മൗനത്തിൽ കോൺഗ്രസും ബിജെപിയും

വിധി എന്താണെങ്കിലും നടപ്പാക്കും: എന്തിനെയും നേരിടാനൊരുങ്ങി സർക്കാരും സിപിഎമ്മും; തന്ത്രപരമായ മൗനത്തിൽ കോൺഗ്രസും ബിജെപിയും

സ്വന്തം ലേഖകൻ
തിരുവനന്തപുരം: അയോധ്യക്കേസിനു പിന്നാലെ സുപ്രീം കോടതിയിൽ നിന്നും ശബരിമല സ്ത്രീ പ്രവേശന വിധി കൂടി വരാനിരിക്കെ തന്ത്രപരമായ മൗനത്തിൽ കോൺഗ്രസും ബിജെപിയും. എന്നാൽ, സിപിഎമ്മും സർക്കാരും ഒരു പടി കടന്ന് വിധി എന്തായാലും നടപ്പാക്കും എന്നു പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
അയോധ്യ വിധിയെ സമാധാനപരമായി നേരിട്ട ബിജെപിയ്ക്കും വിശ്വഹിന്ദുപരിഷത്ത് അടക്കമുള്ള സംഘടനകൾക്കും അക്ഷരാർത്ഥത്തിൽ ശബരിമല വിധി കുരുക്കായിരിക്കുകയാണ്. അയോധ്യയിൽ വിധി എന്തായാലും സമാധാനപരമായി പ്രതികരിക്കണമെന്നായിരുന്നു ഇവരുടെ ആഹ്വാനം. എന്നാൽ, ശബരിമല വിധി എതിരായാൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ പക്ഷേ ഇവർ നിഗൂഡമായ മൗനം തുടരുന്നു.
വിധി എന്തു തന്നെ ആയാലും അത് ഒറ്റക്കെട്ടായി അംഗീകരിക്കുമെന്ന് സിപിഎം. സുപ്രീംകോടതി വിധി എന്തായാലും അംഗീകരിച്ച് നടപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഉണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ പറഞ്ഞു.
ആദ്യം ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള വിധി വന്നപ്പോൾ എല്ലാവരും സ്വാഗതം ചെയ്തതാണ്.
അത് നടപ്പാക്കരുതെന്നോ ശരിയല്ലെന്നോ ഒരു ഭാഗത്ത് നിന്നും പ്രതികരണം വന്നില്ല. പിന്നീട് കേരളത്തിലും പത്തനംതിട്ട ജില്ലയിലും രാഷ്ട്രീയമായി അത് ഉപയോഗപ്പെടുത്താൻ പരിശ്രമങ്ങൾ വന്നപ്പോഴാണ് മറ്റ് പ്രശ്നങ്ങളുണ്ടായത്.
അത്തരത്തിലുള്ള അവസ്ഥ ഇപ്പോഴില്ല. റിവ്യൂ ഹർജികളിൽ കോടതി നിയമാനുസൃതം വിധി പറയും. അത് എന്തായാലും അംഗീകരിച്ച് നടപ്പാക്കുക എന്നതാണ് ഉത്തരവാദിത്വം. മണ്ഡലകാലം അടുത്ത് വരുന്ന ഘട്ടത്തിലാണ് വിധി വരുന്നത്. ഒരു കലാപത്തിന്റെ അന്തരീക്ഷത്തിലേക്ക് ബോധപൂർവ്വം കൊണ്ട് പോയാലേ പ്രശ്നങ്ങളുണ്ടാകൂ. അല്ലെങ്കിൽ കലാപമുണ്ടാകില്ല.
യുഡിഎഫും പ്രത്യേകിച്ച് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഇടപെടലുകളാണ് കലാപ അന്തരീക്ഷം സൃഷ്ടിച്ചതെന്നും അനന്തഗോപൻ പറഞ്ഞു.
സിപിഎം എക്കാലത്തും വിശ്വാസികളുടെ പാരമ്പര്യങ്ങൾക്ക് എതിരല്ല. എന്നാൽ, അനാചാരങ്ങൾക്കും അന്തവിശ്വാസങ്ങൾക്കും എതിരാണെന്നും അനന്തഗോപൻ കൂട്ടിച്ചേർത്തു.
രാജ്യത്തും കേരളത്തിൽ പ്രത്യേകിച്ചും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തുറന്ന ശബരിമല കേസിലെ വിധി കോടതി പുനപരിശോധിക്കുമോ അതോ ഹർജികൾ തള്ളിക്കളയുമോ എന്നാണ് എല്ലാവരും ഒറ്റുനോക്കുന്നത്. ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വർഷത്തിലേറെ കഴിഞ്ഞാണ് പുനപരിശോധനാ ഹർജികളിൽ വിധി വരുന്നത്.
വിധിക്കെതിരെയുള്ള 56 പുനഃപരിശോധന ഹർജികളിലും നിരവധി കോടതി അലക്ഷ്യ ഹർജികളിലും സുപ്രീംകോടതി തീരുമാനം പറയും. ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ഭരണഘടന ബെഞ്ചിൽ എത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നിലപാടാകും ഇനി സുപ്രീംകോടതി തീരുമാനത്തിൽ നിർണായകമാവുക.
നവംബർ 17- വിരമിക്കുന്ന ഗൊഗോയിക്ക് ഇനി നാളെയും മറ്റന്നാളും കൂടി മാത്രമേ പ്രവൃത്തിദിനങ്ങളായി ബാക്കിയുള്ളൂ. മണ്ഡലകാല പൂജകൾക്കായി ശബരിമല ശനിയാഴ്ച തുറക്കാനിരിക്കേയാണ് സുപ്രീംകോടതി വിധി വരുന്നതെന്നതും ശ്രദ്ധേയമാണ്.