മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഒരു സകലകലാവല്ലഭൻ : അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും വിഷാദ കാമുകൻ : ഇതെല്ലാമായിരുന്നു മലയാള സിനിമയിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ വേണു നാഗവള്ളി എന്ന കലാകാരൻ.

Spread the love

കോട്ടയം: സംവിധാനം ചെയ്ത സിനിമകൾ 12, തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രങ്ങൾ 20, അഭിനയിച്ച ചിത്രങ്ങൾ 32, പാട്ടുപാടിയ ചിത്രങ്ങൾ 4 …..

ഇങ്ങനെ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഒരു സകലകലാവല്ലഭൻ .
അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും വിഷാദ കാമുകൻ .
ഇതെല്ലാമായിരുന്നു മലയാള സിനിമയിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ വേണു നാഗവള്ളി എന്ന കലാകാരൻ .

റേഡിയോ ശ്രോതാക്കൾക്ക് സുപരിചിതനായിരുന്ന നാഗവള്ളി ആർ എസ് കുറുപ്പിന്റെ മകനായിരുന്നു വേണു നാഗവള്ളി . പിതാവിന്റെ പാത പിന്തുടർന്ന് ആകാശവാണിയിൽ അനൗൺസറായി ജീവിതം തുടങ്ങിയ വേണുനാഗവള്ളി “ചോറ്റാനിക്കര അമ്മ ” എന്ന ചിത്രത്തിൽ
ഒരു പാട്ടു പാടിക്കൊണ്ടാണ് ചലച്ചിത്രവേദിയിൽ പ്രവേശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ പാട്ട് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
എന്നാൽ കെ ജി ജോർജ് സംവിധാനം ചെയ്ത “ഉൾക്കടൽ ” എന്ന ചിത്രത്തിലെ നായകവേഷം മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമായി
ഈ നായകനെ പ്രതിഷ്ഠിച്ചു .

നീട്ടിവളർത്തിയ മുടിയും പൗരുഷം തുടിക്കുന്ന കണ്ണുകളും പ്രണയിനിക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുവാനള്ള മനസ്സും ഉള്ള വേണു നാഗവള്ളിയുടെ കാല്പനിക കാമുക വേഷങ്ങൾ സ്ത്രീ പ്രേക്ഷകരെയാണ് കൂടുതൽ ആകർഷിച്ചത്.

1978-ൽ എത്തിയ
“ഈ ഗാനം മറക്കുമോ ”
എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു കൊണ്ട് മലയാളത്തിലെ ശക്തനായ തിരക്കഥാകൃത്തുക്കളിൽ ഒരാളായി മാറുകയായിരുന്നു
വേണു നാഗവള്ളി .

1986-ൽ പ്രദർശനത്തിനെത്തിയ “സുഖമോ ദേവി ” എന്ന ആത്മകഥാംശമുള്ള ചലച്ചിത്രം സംവിധാനം ചെയ്തതിലൂടെ
ആ രംഗത്തും അദ്ദേഹം വെന്നിക്കൊടി പാറിച്ചു .
ഒരു വിഷാദകാമുകന്റെ പ്രതിഛായ ആയിരുന്നുവെങ്കിലും “കിലുക്കം ” പോലെയുള്ള സൂപ്പർ കോമഡി ചിത്രങ്ങളുടെ
തിരക്കഥ വേണു നാഗവള്ളിയുടേതായിരുന്നു എന്നു പറഞ്ഞാൽ പലർക്കും വിശ്വാസം വരാറില്ല.

യുവഹൃദയങ്ങളുടെ സിനിമയായിരുന്ന “സർവകലാശാല”യും
വേണു നാഗവള്ളിയുടെ സംവിധാനപ്രതിഭയ്ക്ക് തൂവൽ ചാർത്തിയ ചലച്ചിത്രമായിരുന്നു.

“ശരദിന്ദു മലർദീപനാളം നീട്ടി സുരഭില യാമങ്ങൾ ശ്രുതി മീട്ടി … ”

“എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടി … ”

“നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ…”
( എല്ലാ ഗാനങ്ങളും ഉൾക്കടൽ )

“അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ … ”
(ഒരു കുടക്കീഴിൽ )

” സുഖമോദേവി സുഖമോദേവി … ”

ശ്രീലതികകൾ
തളിരണിഞ്ഞുലയവേ…”
( സുഖമോ ദേവി)

“കിഴക്കുണരും
പക്ഷി പക്ഷി …”

“സൗപർണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ …. ”
(കിഴക്കുണരും പക്ഷി )

“മൈ നെയിം
ഈസ് സുധീ…”

“സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ നാളെയാണു താലിമംഗളം.. ”
( ഏയ് ഓട്ടോ )

“കിലുകിൽ പമ്പരം
തിരിയും മാനസം …. ”

“പനിനീർ ചന്ദ്രികേ… ”

“ഊട്ടിപട്ടണം …”
(കിലുക്കം )
തുടങ്ങിയ ശ്രുതിമധുരമായ ഗാനങ്ങളിലെല്ലാം വേണു നാഗവള്ളി എന്ന കലാപ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം .

നല്ലൊരു ഡബ്ബിംഗ് കലാകാരൻ കൂടിയായിരുന്നു വേണു നാഗവള്ളി .
ലെനിൻ രാജേന്ദ്രന്റെ
“സ്വാതി തിരുനാൾ “എന്ന ചിത്രത്തിൽ ആനന്ദ നാഗിന് വേണ്ടി ശബ്ദം കൊടുത്തത് അദ്ദേഹമായിരുന്നു .

1949 ഏപ്രിൽ 16ന് രാമങ്കരിയിൽ ജനിച്ച വേണു നാഗവള്ളി
” ഒരു നഷ്ട വസന്തത്തിൻ തപ്തനിശ്വാസം ” പോലെ
2010 സെപ്റ്റംബർ 9ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു .

ഇന്ന് അദ്ദേഹത്തിന്റെ
ഓർമ്മ ദിനം .

ഈ കലാകാരന്റെ വിലപ്പെട്ട സംഭാവനകൾ തന്റെ അഭിനയ മികവിലൂടേയും
കഥാരചനകളിലൂടേയും കേരളം എന്നും ഓർക്കുന്ന ചില ഗാനങ്ങളിലൂടേയും സംവിധാനമികവിലൂടേയുമെല്ലാം എന്നും ഓർമ്മിക്കപ്പെടുന്നു.