
വേനല്‍ വഴിമാറും ചട്ടിക്കുളത്ത് തണല്‍ വിരിച്ച് മദിരാശി മരങ്ങള്‍
സ്വന്തം ലേഖകൻ
ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ ട്രാംവേ റോഡിലൂടെ യാത്രചെയ്യുന്ന ആരും ചട്ടിക്കുളത്തെ തടി ഡിപ്പോ മറക്കില്ല.
വനംവകുപ്പിന്റെ തടിലേലം നടക്കുന്ന സ്ഥലമെന്നതല്ല, മറിച്ച് ആകാശപ്പന്തല്‍ വിരിച്ച മദിരാശി മരങ്ങളുടെ തണലും ഭംഗിയുമാണ് മനം കവരുന്ന കാഴ്ച. കൂട്ടമായി നില്‍ക്കുന്ന കൂറ്റന്‍ മദിരാശികളുടെ തണലില്‍ നിന്നാല്‍ കടുത്ത വേനലും വഴിമാറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇളംകാറ്റിന്റെ കുളിരും നുകര്‍ന്ന് നട്ടുച്ചയ്ക്ക് നാട്ടുകാര്‍ ഇവിടെ തമ്ബടിക്കുന്നത് സ്ഥിരം കാഴ്ചയാണ്. വിനോദ സഞ്ചാരികള്‍ക്കും മദിരാശി മരക്കൂട്ടങ്ങള്‍ പ്രിയപ്പെട്ട ഇടം തന്നെ. മരത്തണലും തടിക്കൂട്ടങ്ങളും നിരവധിതവണ അഭ്രപാളികളിലും ഇടം പിടിച്ചിട്ടുണ്ട്. ആല്‍ബങ്ങളുടെ ചിത്രീകരണവും സ്ഥിരമായി നടക്കുന്നു.
റോഡിന്റെ ഇരുവശങ്ങളിലെയും തടിപ്പറമ്ബുകളിലാണ് മരങ്ങളുടെ പ്രൗഢി വിളിച്ചോതുന്ന നില്‍പ്പ്. 60 ഓളം മദിരാശി മരങ്ങള്‍ നില്‍ക്കുന്ന അപൂര്‍വ കാഴ്ചയ്ക്കു പിന്നില്‍ ചരിത്രത്തിന്റെ നീണ്ടുകിടക്കുന്ന അനുഭവമുണ്ടെന്ന് അറിയുന്നവര്‍ വിരളം. കൊച്ചി രാജാവിന്റെ കാലത്ത് തുടങ്ങിയ ചട്ടിക്കുളത്തെ തടിക്കച്ചവടം ഐക്യകേരളം രൂപം കൊണ്ടപ്പോഴും നിലനിന്നു. പിന്നീട് വനംവകുപ്പ് ഏറ്റെടുത്ത് തേക്കുമരങ്ങളുടെ തടിലേലം ചെയ്യുന്ന കേന്ദ്രമാക്കി. മദിരാശി മരങ്ങള്‍ അപ്പോഴും തണല്‍ വിരിച്ചുനിന്നു.