video
play-sharp-fill
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ത്രിരാഷ്ട്ര പര്യടനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ശനിയാഴ്ചയാണ് ഉപരാഷ്ട്രപതി ദോഹയിലെത്തിയത്

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ത്രിരാഷ്ട്ര പര്യടനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ശനിയാഴ്ചയാണ് ഉപരാഷ്ട്രപതി ദോഹയിലെത്തിയത്

സ്വന്തം ലേഖകൻ

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയുമായുള്ള ചരിത്രപരമായ സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇന്ത്യയിലെ പുതിയ നിക്ഷേപ സാധ്യതകളെ കുറിച്ചുമായിരുന്നു ചര്‍ച്ച.ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഖത്തര്‍ നല്‍കുന്ന കരുതലിന് ഉപരാഷ്ട്രപതി നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി അനുസ്മരിക്കുകയും ഖത്തറിന്റെ വികസനത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കുന്ന സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു.

ത്രിരാഷ്ട്ര പര്യടനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ശനിയാഴ്ചയാണ് ഉപരാഷ്ട്രപതി ദോഹയിലെത്തിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍, രാജ്യസഭാംഗങ്ങളായ സുശീല്‍ കുമാര്‍ മോദി, വിജയ് പാല്‍ സിംഗ് തോമര്‍, പി രവീന്ദ്രനാഥ് എന്നിവരുള്‍പ്പെടെയുള്ള ഉന്നതതല സംഘത്തോടൊപ്പമാണ് അദ്ദേഹം ദോഹയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയാണ് നായിഡുവിനെയും സംഘത്തെയും സ്വീകരിച്ചത്. വാദ്യമേള അകമ്പടിയോടെയായിരുന്നു സ്വീകരണം. അമീരി ദിവാനില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ ഖുവാരി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഇതാദ്യമായാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതി തലത്തില്‍ നിന്ന് ഖത്തര്‍ സന്ദര്‍ശനം നടത്തുന്നത്. ഉഭയകക്ഷി ബന്ധവും പുതിയ നിക്ഷേപ സാധ്യതകളെ കുറിച്ചുമാണ് ചര്‍ച്ചയില്‍ പ്രധാനമായും വിലയിരുത്തിയത്. 2015 ല്‍ ഖത്തര്‍ അമീറിന്റെ ഇന്ത്യ സന്ദര്‍ശനത്തിനും 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദര്‍ശനത്തിനും ശേഷം ഇപ്പോഴും ഈ ബന്ധം നിലനിര്‍ത്തുന്നതില്‍ ഇരുകൂട്ടരും നന്ദി അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ബന്ധം നിലനിര്‍ത്താനും ചര്‍ച്ചയില്‍ ധാരണയായി. ഖത്തറുമായുള്ള സൗഹൃദത്തിന് ഇന്ത്യ നല്‍കുന്ന പ്രാധാന്യവും വ്യാപാരം, നിക്ഷേപം, ഊര്‍ജം, ഭക്ഷ്യസുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമങ്ങള്‍, തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണവും ചര്‍ച്ചയില്‍ വിലയിരുത്തി.

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഖത്തര്‍ നല്‍കുന്ന കരുതലിന് ഉപരാഷ്ട്രപതി നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി അനുസ്മരിക്കുകയും ഖത്തറിന്റെ വികസനത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കുന്ന സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു. ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ സ്റ്റഡീസിന്റെ ഐസിസിആര്‍ അധ്യക്ഷ സമിതി രൂപീകരിക്കാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഉഭയകക്ഷി മാധ്യമ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും ഖത്തര്‍ വാര്‍ത്താ ഏജന്‍സിയും ധാരണയായിട്ടുണ്ട്.

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപ അവസരങ്ങളുള്ള മേഖലകളെക്കുറിച്ച് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി നായിഡുവിനോട് ആരാഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഊര്‍ജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സുപ്രധാന അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ നായിഡു ഖത്തര്‍ ഭരണാധികാരിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഖത്തറിലെ വിദ്യാഭ്യാസം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ അവസരങ്ങള്‍ തേടാന്‍ ഖത്തര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെയും ക്ഷണിച്ചു. ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷയില്‍ സമീപകാല ആഗോള സംഭവവികാസങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു.