
വീട്ടിലെ ചെലവുകൾക്കായി ഉമ്മ നിരന്തരം പണംകടം വാങ്ങി; ഇത് 65 ലക്ഷം രൂപയുടെ ബാധ്യതയായി മാറി; പണം നൽകിയവർ തിരികെ ചോദിക്കാൻ ആരംഭിച്ചതോടെ കൂട്ട ആത്മഹത്യ ചെയ്യാമെന്ന് തീരുമാനം; എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയിൽ കൊലപ്പെടുത്താൻ തീരുമാനം; ‘ഞാനില്ലെങ്കിൽ അവളും വേണ്ട’ എന്നതിനാൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി; വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്
തിരുവനന്തപുരം: പ്രതിയായ അഫാന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം സാമ്പത്തിക ബാധ്യതയെന്നാണ് അഫാൻ പോലീസിന് നൽകിയ മൊഴിയിലുള്ളത്. കൊലപാതകങ്ങൾക്കുശേഷം വിഷം കഴിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഫാന്റെ മൊഴി ഔദ്യോഗികമായി പോലീസ് രേഖപ്പെടുത്തുകയായിരുന്നു.
അതീവരഹസ്യമായി ചൊവ്വാഴ്ചയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. ഈ മൊഴിയിൽ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും അഫാൻ വെളിപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെ ചെലവുകൾക്കും മറ്റുമായി ഉമ്മ നിരന്തരം പണംകടം വാങ്ങുമായിരുന്നു എന്നാണ് അഫാൻ പറയുന്നത്. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറി.
പ്രധാനമായും 12 പേരിൽനിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നത്. ഒരാളിൽനിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളിൽനിന്ന് വീണ്ടും കടം വാങ്ങിയിട്ടായിരുന്നു. ഇതായിരുന്നു കടബാധ്യത തീർക്കാൻ ഉപയോഗിച്ച പതിവ് രീതി. എന്നാൽ, ഒരു ഘട്ടത്തിൽ കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനാകാത്ത സ്ഥിതിയുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം നൽകിയവർ തിരികെ ചോദിക്കാൻ ആരംഭിച്ചതോടെ കുടുംബം കൂട്ട ആത്മഹത്യ ചെയ്യാമെന്ന തീരുമാനമെടുത്തു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാൽ, ആത്മഹത്യ ചെയ്യുമ്പോൾ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെയാണ് എല്ലാവരേയും താൻ തന്നെ കൊല്ലാമെന്ന നിഗമനത്തിലെത്തിയത് എന്നും അഫാൻ പോലീസിനോട് പറഞ്ഞു.
ഉമ്മയേയും സഹോദരനേയും ഇല്ലാതാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും മൊഴിയിലുണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനിടയിലും പിതാവിന്റെ സഹോദരനും ഭാര്യയും മുത്തശ്ശിയും നിരന്തരം തന്റെ കുടുംബ പ്രശ്നങ്ങളിൽ ഇടപെടുമായിരുന്നു എന്നാണ് അഫാൻ പറയുന്നത്. കട ബാധ്യതകൾ തീർക്കാൻ സഹായിക്കാതെ നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമാണ് ഇവർ ചെയ്തത്.
ഈ കാരണത്താൽ ഇവരോട് അഫാന് പകയുണ്ടായിയിരുന്നു. ഇതാണ് മൂന്നുപേരേയും ഇല്ലാതാക്കാനുള്ള കാരണമായത്. ‘ഞാനില്ലെങ്കിൽ അവളും വേണ്ട’ എന്ന തീരുമാനമാണ് ഫർസാനയെ കൊല്ലുന്നതിലേക്ക് തന്നെ എത്തിച്ചത് എന്നും മൊഴിയിൽ പറയുന്നു. സംഭവദിവസം ആദ്യം ആക്രമിച്ചത് ഉമ്മയെ ആണെന്നാണ് മൊഴി.
രാവിലെ 11 മണിയോടെ ഉമ്മ ഷെമിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധരഹിതയായപ്പോൾ മരിച്ചെന്ന് കരുതി അവരെ മുറിയിൽ പൂട്ടിയിട്ട് പുറത്തേക്ക് പോവുകയായിരുന്നു. മറ്റുള്ളവരെ കൊലപ്പെടുത്താനുള്ള ആയുധം സംഘടിപ്പിക്കാനായിരുന്നു പിന്നീട് ശ്രമിച്ചത്. അതിനായി വെഞ്ഞാറമൂട്ടിലുള്ള ധനകാര്യ സ്ഥാപനത്തിലെത്തി 1500 രൂപ കടം വാങ്ങി.
തുടർന്ന് അവിടെതന്നെയുള്ള ഒരു കടയിൽപോയി ഭാരം കൂടിയ ചുറ്റിക വാങ്ങി. മറ്റ് കടകളിൽ പോയി ബാഗും എലി വിഷവും വാങ്ങി. ഇതെല്ലാമായി വീട്ടിലെത്തിയപ്പോഴാണ് ഉമ്മ തല ഉയർത്തി തന്നെ നോക്കുന്നത് അഫാൻ കാണുന്നത്. ഉടൻ ചുറ്റിക ഉപയോഗിച്ച് ഉമ്മയുടെ തലയ്ക്ക് അടിച്ചു. മരിച്ചെന്ന ധാരണയിൽ വീടിനു പുറത്തേക്ക് പോയി. പിന്നീട് പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലെത്തി ഇതേ ചുറ്റിക ഉപയോഗിച്ച് അവരെ കൊലപ്പെടുത്തി.
ശേഷം മുത്തശ്ശിയുടെ സ്വർണമാല കൈക്കലാക്കി വെഞ്ഞാറമൂട്ടിലെത്തി. ധനകാര്യ സ്ഥാപനത്തിൽ സ്വർണമാല പണയംവെച്ച് 74,500 രൂപ വാങ്ങി. ഈ പണത്തിൽനിന്ന് കടം വാങ്ങിയ വ്യക്തിക്ക് ഓൺലൈൻ വഴി 40,000 രൂപ കൈമാറി. ഇതിനുശേഷം എസ്.എൻ.പുരത്തെത്തി പിതാവിന്റെ സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് വെഞ്ഞാറമൂട്ടിലെത്തി ഒരു ബാറിൽനിന്ന് മദ്യപിച്ചു. ഒരു ബോട്ടിൽ മദ്യം ബാറിൽനിന്ന് വാങ്ങുകയും ചെയ്തു. പിന്നീട് കാമുകിയായ ഫർസാനയെ വിളിച്ച് ബൈക്കിൽ ഇരുവരും വീട്ടിലേക്ക് എത്തി. എന്നാൽ ഇതിനു മുൻപ്, സഹോദരനായ അഫ്സാൻ വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ അഫാൻ കുഴിമന്തി വാങ്ങാൻ അഫ്സാനെ വെഞ്ഞാറമൂട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.
തുടർന്ന് വീട്ടിനുള്ളിൽവെച്ച് ഫർസാനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷമാണ് താൻ വിഷം കഴിച്ചത് എന്നാണ് അഫാൻ പറയുന്നത്. തുടർന്ന് സഹോദരനായ അഫ്സാൻ കുഴിമന്തിയുമായി തിരികെ വീട്ടിലേക്ക് എത്തി. ഇതോടെ സഹോദരനേയും വകവരുത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് മൊഴിയിലുള്ളത്.
ചൊവ്വാഴ്ച അതീവ രഹസ്യമായി മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും കൃത്യത്തിലേക്ക് നയിച്ചതിന് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ടായിരുന്നു. ഇതാണ് മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവരാൻ വൈകിയത്. അഫാന്റെ മൊഴിയുമായി സാധൂകരിക്കുന്ന വിവരങ്ങൾ തന്നെയാണ് പോലീസിനും ലഭിച്ചിരിക്കുന്നത്.