
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അൻസാർ, ഉണ്ണി എന്നിവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കേസുമായി ബന്ധപ്പെട്ട് ഇതുവരെ കസ്റ്റഡിയിലായ ഇരുവരെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവത്തിൽ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുണ്ടായന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണുകളിലേക്ക് സംഭവത്തിന് മുൻപും പിന്നീടുമുണ്ടായ ഫോൺ കോളുകളെല്ലാം സൈബർ പൊലീസ് സഹായത്തോടെ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഗൂഢാലോചനയിൽ കൂടുതൽപേർ പങ്കെടുത്തിട്ടുള്ളതായി കണ്ടെത്തിയാൽ അവരെയും പ്രതിപ്പട്ടികയിലുൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് റൂറൽ എസ്.പി ബി. അശോകൻ വെളിപ്പെടുത്തിയിട്ടുണ്ട്.
കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നത് പുല്ലമ്പാറയിലെ ഫാം ഹൗസിലാണെന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. ഒന്നാം പ്രതി സജീവും രണ്ടാം പ്രതി അൻസാറും മൂന്ന് മുതൽ ആറ് വരെയുള്ള പ്രതികളും ഗൂഢാലോചനയുടെ ഭാഗമായെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമായി.
ഇവർക്ക് പുറമെ രാഷ്ട്രീയ നേതാക്കളോ ജനപ്രതിനിധികളോ കൊലപാതക ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും കേസിലുൾപ്പെടുത്താനാണ് നീക്കം. അതേസമയം കേസിൽ ഇന്നലെ പിടിയിലായ മുഖ്യപ്രതി സജീവ്, സനൽ, ഇവരെ ഒളിവിൽ താമസിപ്പിച്ച മതപുരം സ്വദേശി പ്രീജ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഓൺലൈൻ വീഡിയോ മുഖേനെയായിരിക്കും ഹാജരാക്കുക. സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതികളായ അജിത്ത്, ഷജിത്ത്, സതിമോൻ, നജീബ് എന്നിവരെ കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തിരുന്നു.
പ്രതികൾക്ക് കൊല്ലപ്പെട്ട മിഥിലാജിനോടും ഹഖ് മുഹമ്മദിനോടും കടുത്ത രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയതോടെ സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരിക്കുകയാണ്.