
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിതയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിതയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. പ്രതികളായ സജീവിനെയും സനലിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ച വനിതയാണ് പിടിയിലായത്.
തിരുവനന്തപുരം വെള്ളറടയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് നാല് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കൊല്ലാൻ ഉദേശിച്ച് തന്നെയാണ് പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ മിഥിലാജിനെയും ഹഖിനെയും ആക്രമിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് കാരണമെന്നും മിഥിലാജിന്റെ സഹോദരൻ നിസാം പറഞ്ഞു.
”ഏറെക്കാലമായി ഡി.വൈ.എഫ്.ഐയിലും പാർട്ടിയിലും പ്രവർത്തിക്കുന്ന ഇരുവരെയും ഇല്ലാതാക്കിയാൽ സി.പി.എമ്മിന്റെ വളർച്ച തടയാമെന്ന് അവർ വിചാരിച്ചിരിക്കാം. കൊല്ലുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് കോൺഗ്രസ് പ്രവർത്തകർ ഇരുവരെയും ക്രൂരമായി ആക്രമിച്ചത് ” എന്നും നിസാം വെളിപ്പെടുത്തിയിരുന്നു.
ഹൃദയത്തിൽ ഏഴ് ഇഞ്ച് ആഴത്തിലാണ് കുത്തേറ്റത്. ഹഖിന്റെ തല വെട്ടിപ്പൊളിച്ച നിലയിലായിരുന്നു. സ്‌പൈനൽ കോഡിനും വെട്ടേറ്റു. അതിക്രൂരമായിട്ടായിരുന്നു അവരുടെ ആക്രമണം. മിഥിലാജ് ഒരു ഗുണ്ടയോ കൂലിത്തല്ലിന് പോകുന്ന ആളോ അല്ല. കോൺഗ്രസ് പാർട്ടിയുടെ മേൽഘടകങ്ങളുടെ അറിവോടെയല്ലാതെ ഇതൊന്നും നടക്കില്ലെന്നും കോൺഗ്രസ് നേതാക്കൾക്കെല്ലാം അറിവുണ്ടായിരിക്കുമെന്നും” സഹോദരൻ ആരോപിച്ചു.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് തിരുവനന്തപുരം തേമ്പാംമൂട് വച്ച് രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.