
വെഞ്ഞാറമൂട് കൂട്ടകൊല: അന്വേഷണ സംഘം ഇന്ന് പ്രതി അഫാന്റെ ഉമ്മയുടെ മൊഴി എടുക്കും; അഫാനെയും ഉമ്മയെയും ചികിത്സിക്കുന്ന ഡോക്ടർമാരുടെ മൊഴിയും രേഖപ്പെടുത്തും; കുടുംബത്തിന് പണം വായ്പ നൽകിയവരുടെ മൊഴി എടുക്കൽ പൂർത്തിയായി; വായ്പ നൽകിയവർ കേസിൽ സാക്ഷികളാകും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിൽ അന്വേഷണ സംഘം ഇന്ന് പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴി എടുക്കും. ഇന്നലെ മൊഴി എടുക്കാൻ ആറ്റിങ്ങൽ ഡിവൈഎസ്പി ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും ആരോഗ്യ നില കണക്കിലെടുത്ത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അഫാനെയും ഉമ്മയെയും ചികിത്സിക്കുന്ന ഡോക്ടർമാരുടെ മൊഴിയും ഇന്ന് എടുക്കും.
വെഞ്ഞാറമൂട് സിഐയാണ് ഡോക്ടർമാരുടെ മൊഴി എടുക്കുക. കുടുംബത്തിന് പണം വായ്പ നൽകിയവരുടെ മൊഴി എടുക്കൽ ഇന്നലെ പൂർത്തിയായി. വൻ സാമ്പത്തിക ബാധ്യത മൂലമാണ് കൂട്ടക്കൊല എന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഇവരുടെ മൊഴി ശേഖരിച്ചത്.
വായ്പ നൽകിയവർ കേസിൽ സാക്ഷികളാകും. അതേസമയം, വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തും. യാത്രാ രേഖകൾ ശരിയായതോടെയാണ് ഇദ്ദേഹം എത്തുന്നത്. മരിച്ചവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാത്ത പ്രതിസന്ധിയിലായിരുന്നു റഹീം. ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയായിരുന്നു ഇദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം കണ്ടത്. റഹീം നാട്ടിൽ വന്നിട്ട് 7 വർഷമായി. ഇഖാമ കാലാവധി തീർന്നിട്ട് രണ്ടര വർഷമായി. മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കിൽ പോലും നടപടികൾ തീരുന്നത് വരെ കാത്തിരുന്നേ പറ്റുമായിരുന്നുള്ളൂ. ഒന്നുകിൽ സ്പോൺസറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണമെന്നായിരന്നു അവസ്ഥ.
അല്ലെങ്കിൽ എംബസി വഴി, ലേബർ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപ്പോർട്ട് ചെയ്യിക്കണം. വർഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകർച്ചയെത്തുടർന്നാണ് പ്രതിസന്ധിയിലായത്. പിന്നീട് ദമാമിലേക്ക് മാറി. ഇതിനിടയിൽ കൊല്ലപ്പെട്ടവരും കൊന്നയാളുമെല്ലാം സ്വന്തം കുടുംബത്തിൽ നിന്നായ വലിയൊരു പ്രതിസന്ധിയും. എന്താണ് സംഭവിച്ചതെന്ന് റഹീമിന് ഇപ്പോഴും മനസ്സിലാക്കാനാവുന്നില്ലെന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.