യാത്രക്കാരനെ വണ്ടിയിടിച്ച് കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് പാഞ്ഞത് ടാക്‌സ് അടയ്ക്കാതെ: പിടിച്ചെടുത്ത സോണീസ് ബസ് കസ്റ്റഡിയിൽ നിന്നും പുറത്തിറങ്ങാൻ കുറച്ച് ബുദ്ധിമുട്ടും; സ്വകാര്യ ബസുകൾക്കെതിരെ നടപടി ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ഇന്നോവ കാർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച സ്വകാര്യ ബസ് സർവീസ് നടത്തിയത് ടാക്‌സ് ഇല്ലാതെയെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്. എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന സോണി ബസ് പിടിച്ചെടുത്ത മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനിയിലാണ് കഴിഞ്ഞ നാലു മാസമായി ഈ ബസ് ടാക്‌സ് അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയത്. മോട്ടോർ വാഹന വകുപ്പ് പിടികൂടിയ ബസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.45 ന് ബസേലിയസ് കോളേജ് ജംഗ്ഷനിൽ വച്ചാണ് സിഗ്നൽ കാത്തു കിടന്ന ഇന്നോവ കാറിനു പിന്നിൽ എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന സോണി ബസ് മനപൂർവം ഇടിച്ചത്. സിഗ്നൽ തെറ്റിച്ച് കയറിയെത്തിയ പുതുപ്പള്ളി – പയ്യപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സിന്ധു ബസിനെ കടത്തിവിടാതിരിക്കാനായാണ് സോണി ബസ് മുന്നോട്ട് എടുക്കാൻ ശ്രമിച്ചതും, ഇന്നോവയുടെ പിന്നിൽ മനപൂർവം ഇടിപ്പിച്ചതും. കാർ യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത മോട്ടോർ വാഹന വകുപ്പ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.ബി ജയചന്ദ്രൻ ബസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ബസ് ഈസ്റ്റ് പൊലീസിന്റെ ക്സ്റ്റഡിയിൽ വിട്ടു.
കണ്ടക്ടറുടെ ലൈസൻസും വാഹനത്തിന്റെ അനുബന്ധ രേഖകളും ഹാജരാക്കണമെന്നായിരുന്നു ബസ് പിടിച്ചെടുത്തപ്പോൾ മോട്ടോർ വാഹന വകുപ്പ് നൽകിയ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ബസിന്റെ രേഖകൾ പരിശോധിപ്പോഴാണ് ഈ ബസിന് മാസങ്ങളായി ടാക്‌സ് അടച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാർച്ചിലാണ് ബസ അവസാനമായി നികുതി അടച്ചത്. ഇതിനു ശേഷം നികുതി വെട്ടിച്ചാണ് സർവീസ് നടത്തുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. തുടർന്ന് നികുതി അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ ജില്ലയിൽ നിരവധി സ്വകാര്യ ബസുകൾ ഇത്തരത്തിൽ നികുതി വെട്ടിച്ച് സർവീസ് നടത്തുന്നുണ്ടെന്ന വിവരം മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നടപടികൾ ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം.