video
play-sharp-fill

കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉഗ്രവിഷമുള്ള പാമ്പുകളിൽ നിന്നും വിഷം വേർതിരിച്ചെടുക്കാൻ  പ്രാവീണ്യമുള്ളവർ; പാമ്പുകടിയിൽ നിന്ന് മനുഷ്യജീവൻ രക്ഷിക്കുന്ന ആന്റി വെനം ഉല്പാദിപ്പിക്കുന്നതാണ് ഗോത്രവാസികളുടെ പ്രധാന തൊഴിൽ; കേരളത്തിൽ പാമ്പുകളിൽ നിന്നും വിഷം വേർതിരിക്കാൻ ലൈസൻസ് ഉള്ള ഗോത്രത്തെക്കുറിച്ച് അറിയാം!

കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉഗ്രവിഷമുള്ള പാമ്പുകളിൽ നിന്നും വിഷം വേർതിരിച്ചെടുക്കാൻ പ്രാവീണ്യമുള്ളവർ; പാമ്പുകടിയിൽ നിന്ന് മനുഷ്യജീവൻ രക്ഷിക്കുന്ന ആന്റി വെനം ഉല്പാദിപ്പിക്കുന്നതാണ് ഗോത്രവാസികളുടെ പ്രധാന തൊഴിൽ; കേരളത്തിൽ പാമ്പുകളിൽ നിന്നും വിഷം വേർതിരിക്കാൻ ലൈസൻസ് ഉള്ള ഗോത്രത്തെക്കുറിച്ച് അറിയാം!

Spread the love

രാജ്യത്തിനകത്തും പുറത്തുള്ള നിരവധി ഗോത്രവാസികളെക്കുറിച്ച് നമുക്കറിയാം. വ്യത്യസ്തമായ ജീവിത രീതികൾ കൊണ്ടും പാരമ്പര്യങ്ങൾ കൊണ്ടും ഒക്കെ ഇവയിൽ പലരും നമ്മെ അതിശയിപ്പിക്കാറുമുണ്ട്. എന്നാൽ കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഇരുള ഗോത്രം വ്യത്യസ്തരാകുന്നത്, മറ്റൊരു കാര്യം കൊണ്ടാണ്.

ഉഗ്രവിഷമുള്ള പാമ്പുകളിൽ നിന്നും വിഷം വേർതിരിച്ചെടുക്കാൻ ഏറെ പ്രാവീണ്യമുള്ളവരാണ് ഈ ഗോത്രവാസികൾ. ഇവിടുത്തെ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിൽ വൈദഗ്ദ്ധ്യമുള്ളവരാണ്. മാരകമായ പാമ്പുകടിയിൽ നിന്ന് മനുഷ്യ ജീവൻ രക്ഷിക്കുന്ന ആൻറി വെനം ഉൽപ്പാദിപ്പിക്കുന്നതാണ് ഈ ഗോത്രവാസികളുടെ പ്രധാന തൊഴിൽ.

നമ്മിൽ പലർക്കും പാമ്പുകളെ കാണുന്നത് തന്നെ ഭയമാണെങ്കിലും ഇരുള ഗോത്രത്തിന് പാമ്പുകൾ അങ്ങനെയല്ല. അവ ഉപജീവനത്തിന്‍റെ ഉറവിടവും അവരുടെ പൈതൃകത്തിന്‍റെ സുപ്രധാന ഭാഗവുമാണ്. ഭൂമിയിൽ ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് 70 % പാമ്പുകളും അപകടകാരികൾ അല്ലെങ്കിലും ബാക്കി 30 ശതമാനം മാരകമായ വിഷം ഉള്ളതും കടിയേറ്റാൽ മനുഷ്യന് മരണം വരെ സംഭവിക്കാൻ ഇടയാക്കുന്നതുമാണ്. എന്നാൽ, ഇരുള ഗോത്രക്കാര്‍ക്ക് എത്ര അപകടകാരികളായ പാമ്പുകളെയും അനായാസേന കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. നഗ്നമായ കൈ കൊണ്ട് പാമ്പുകളെ പിടിക്കാനും വിഷം വേർതിരിച്ചെടുക്കാനും ചെറുപ്പം മുതലേ ലിംഗ ഭേദമന്യേ ഇവർ തങ്ങളുടെ ഗോത്രവാസികളെ പരിശീലിപ്പിക്കുന്നു. ഈ വൈദഗ്ദ്ധ്യമാണ് ലോകത്തിലെ ഏറ്റവും കൂടുതൽ പാമ്പ് പിടിക്കുന്ന സമൂഹങ്ങളിലൊന്നായി ഇവരെ മാറ്റുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്‍റി വെനം ഉത്പാദിപ്പിക്കുന്നതിൽ ഈ ഗോത്രവാസികളുടെ പങ്ക് വലുതാണ്. ഇന്ത്യയിലെ ഏറ്റവും അപകടകരമായ നാല് പാമ്പുകളിൽ നിന്ന് വിഷം വേർതിരിച്ചെടുക്കുന്നതിൽ അവർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്: രാജവെമ്പാല, ക്രെയ്റ്റ്, റസ്സൽസ് വൈപ്പർ, ഇന്ത്യൻ സോ-സ്കെയിൽഡ് വൈപ്പർ എന്നീ പാമ്പുകളാണ് അത്. ഈ പാമ്പുകളുടെ ഒരു തുള്ളി വിഷത്തിന് മനുഷ്യനെ കൊല്ലാൻ മാത്രം മാരക ശേഷിയുണ്ട്. പാമ്പിനെ ശ്രദ്ധാപൂർവ്വം കഴുത്തിൽ പിടിച്ച് വായ തുറന്ന് ഒരു ഭരണിയിൽ കടിക്കാൻ അനുവദിച്ചാണ് ഇവർ വിഷം ശേഖരിക്കുന്നത്.

ശേഖരിച്ച വിഷം പിന്നീട് ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വിൽക്കുന്നു, അവിടെ അത് ആന്‍റി – വെനം കുത്തിവയ്പ്പുകൾക്കായുള്ള മരുന്നായി പ്രോസസ്സ് ചെയ്യുന്നു.  വിഷം വേർതിരിച്ചെടുക്കുന്നതിൽ ഇരുള ഗോത്രത്തിന്‍റെ സംഘടിത പങ്കാളിത്തം 1978 -ൽ ഇരുള പാമ്പ് പിടിത്തക്കാരുടെ ഇൻഡസ്ട്രിയൽ കോ – ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ചതോടെയാണ് ആരംഭിച്ചത്. അമേരിക്കൻ ഹെർപെറ്റോളജിസ്റ്റ് റോമുലസ് വിറ്റേക്കർ സ്ഥാപിച്ച ഈ സൊസൈറ്റി, 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പ് വേട്ട സർക്കാർ നിരോധിച്ചതിനെത്തുടർന്ന് ഇരുള ഗോത്രത്തിന് നിയമപരമായ സംരക്ഷണവും  വരുമാന മാർഗ്ഗവും നൽകി.

നാല് പാമ്പുകളിൽ നിന്ന് മാത്രമേ ഇരുള ഗോത്രത്തിന് വിഷം ശേഖരിക്കാൻ അനുവാദമുള്ളൂ.  ഓരോ പാമ്പിനെയും ഒരു മൺപാത്രത്തിൽ കോട്ടൺ തുണി കൊണ്ട് പൊതിഞ്ഞ് 21 ദിവസം വരെ സൂക്ഷിക്കുന്നു.  ഈ കാലയളവിൽ, പാമ്പിനെ കാട്ടിലേക്ക് തിരികെ വിടുന്നതിന് മുമ്പ് നാല് തവണ വരെ വിഷം വേർതിരിച്ചെടുക്കുകയുമാണ് ഇവരുടെ രീതി.  ഇന്ന്, സൊസൈറ്റിയിൽ 100 -ലധികം അംഗങ്ങളുണ്ട്, കൂടാതെ പ്രതിവർഷം 13,000 വരെ പാമ്പുകളെ പിടിക്കാനും അതിൽ നിന്ന് വിഷം വേർതിരിച്ചെടുക്കാനുമുള്ള സർക്കാർ ലൈസൻസും ഉണ്ട്. പാമ്പിന്‍ വിഷ വ്യാപരത്തിലൂടെ ഏതാണ്ട് 25 കോടി രൂപയുടെ വ്യാപാരമാണ് നടക്കുന്നത്.  ഇന്ത്യയിൽ പാമ്പിന്‍റെ വിഷം വേർതിരിച്ചെടുക്കുന്നത് കർശനമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്.