
വൈക്കം: വൈക്കത്തുകാർക്ക് വേഗം കൊച്ചിയിലെത്താൻ വഴിയായി. കോട്ടയം – ആലപ്പുഴ, എറണാകുളം ജില്ലകളെ ബന്ധിപ്പിച്ചു വേമ്പനാട്ടുകായലിലെ നേരേകടവ് – മാക്കേകടവ് ഫെറിയിൽ നിർമ്മിക്കുന്ന കായൽ പാലം നേരേകടവ് കരതൊട്ടു. കായലും കരയും ചേരുന്ന ഭാഗത്തെ സ്പാനിനൊപ്പം കരയിലെ ലാൻഡ് സ്പാനിൻ്റെ നിർമാണത്തിനായി ഗർഡർ സ്ഥാപിച്ചതോടെയാണ് പാലം കരതൊട്ടത്. അടുത്ത ദിവസങ്ങളിൽ ശേഷിക്കുന്ന ഗർഡറുകൾകൂടി സ്ഥാപിച്ച് കമ്പികെട്ടി ഈ മാസമൊടുവിൽ ലാൻ്റിംഗ് സ്പാനിൻ്റെ വാർക്കൽ നടത്താനാകുമെന്നാണ് കരുതുന്നത്.
മാക്കേക്കടവ് ഭാഗത്തു നിന്ന് പാലത്തിന്റെ കൈവരികൾ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. പാലത്തിന് ആകെ 80 ഗർഡറുകളാണുള്ളത്.പാതി വഴിയിൽ നിർമ്മാണം നിലച്ചിരുന്ന പാലം പൂര്‍ത്തിയാക്കുന്നതിനായി 42 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.സമീപ റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനും ശേഷിക്കുന്ന നിര്‍മാണ പ്രവര്ത്തനങ്ങള്ക്കുമടക്കമാണ് ഈ തുക അനുവദിച്ചത്.
പാലത്തിനായി നടത്തിയ പോരാട്ടം
കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നേരേകടവ്-മാക്കേകടവ് പാലം എന്ന നാടിന്റെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറെ നാളത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2008ല്‍ 76 കോടി രൂപ അനുവദിച്ച് ആരംഭിച്ച പാലത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയിലെത്തിയതോടെ നിലച്ചു. സ്ഥലമുടമകള്‍ക്ക് തുക നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ കരാര്‍ കാലാവധി കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് 2016ലാണ് പാലം നിര്‍മാണത്തിന് ജീവന് വെച്ചത്. ഒന്നര വര്‍ഷത്തോളം അതിവേഗത്തില്‍ നീങ്ങിയ പാലം നിര്‍മാണം സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോടതിയും കേസുമായി പിന്നീട് നിലക്കുകയായിരുന്നു. 2021 ഡിസംബറില്‍ നിര്‍മാണം വിലക്കിയ ഉത്തരവുകള്‍ ഹൈക്കോടതി നീക്കി. ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടപ്പോള്‍ പാലം നിര്‍മാണം പുനരാരംഭിക്കണമെങ്കില്‍ എസ്റ്റിമേറ്റ് തുക റിവൈസ് ചെയ്യേണ്ട സാഹചര്യമുണ്ടായി.
ഇതുപ്രകാരമുള്ള ആകെ 42 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റാണ് മന്ത്രിസഭ അംഗീകരിച്ചത്. എറണാകുളം ഗോശ്രീ പാലം നിര്‍മിച്ച കമ്പനിയാണ് പാലം നിര്‍മാണ കരാര്‍ ഏറ്റെടുത്തിരുന്നത്.
നിയുക്ത തുറവൂര്‍-പമ്പ ഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരേകടവ്-മാക്കേകടവ് പാലം. നിര്‍മാണത്തിന്റെ ആദ്യഘട്ടമായ തുറവൂര്‍ പാലം നിര്‍മാണം 2015ല്‍ പൂര്‍ത്തിയാക്കിയിരുന്നു.
വേമ്പനാട്ടുകായലിനു കുറുകെയുള്ള ഏറ്റവും നീളമേറിയ മാക്കേകടവ്-നേരേകടവ് പാലത്തിന് ഏകദേശം ഒരു കിലോമീറ്ററോളം നീളവും 11 മീറ്റര്‍ വീതിയുണ്ട്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ വൈക്കത്തും നിന്നും കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്. ശബരിമല ഇടത്താവളമായ തുറവൂരില്‍ നിന്നും വൈക്കം വഴി തീര്‍ത്ഥാടകര്‍ക്ക് പമ്പയിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കും.



