
കോട്ടയം: കുമരകം ബോട്ട് ദുരന്തത്തിന്റെ 23-ാം വാര്‍ഷികം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ വൈക്കത്ത് വള്ളം മുങ്ങിയപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ജലഗതാഗത മേഖലയിലെ സുരക്ഷ.
ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍, വിനോദ സഞ്ചാരികള്‍ക്കായി ഹൗസ്‌ബോട്ടുകള്‍, ശിക്കാരകള്‍, മത്സ്യ തൊഴിലാളികളുടെ വള്ളങ്ങള്‍, സാധാരണ വള്ളങ്ങള്‍… റോഡിലേക്കാള്‍ തിരക്കാണ് പലപ്പോഴും വേമ്പനാട്ട് കായലിലെ ജലഗതാഗതത്തിന്. എങ്കിലും സുരക്ഷാ നടപടികള്‍ പേരിനു മാത്രം.
എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കെല്ലാം ലൈസന്‍സുണ്ടാകണമെന്നാണു നിയമമെങ്കിലും കായലില്‍ പാലിക്കപ്പെടുന്നില്ല.
പുല്ലു ചെത്താന്‍ പോകുന്നവരും മത്സ്യബന്ധനത്തിനു പോകുന്നവരും കല്ലും മണ്ണും കൊണ്ടു പോകുന്നവരുമൊക്കെ എന്‍ജിന്‍ ഘടിപ്പിച്ച് ലൈന്‍സില്ലാതെ സര്‍വീസ് നടത്തുന്നതായി മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. നിയമാനുസൃതം സഞ്ചരിക്കുന്നവര്‍ക്കും ഇത്തരക്കാര്‍ ഭീഷണിയാണ്. ഹൗസ്‌ബോട്ടുകളില്‍ മാത്രമാണ് കൃത്യമായ പരിശോധന നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെറിയ എന്‍ജിന്‍ ഘടിപ്പിച്ച് പായുന്ന ഇത്തരം വള്ളങ്ങള്‍ പിന്നോട്ടെടുക്കാനോ വളയ്‌ക്കാനോ കഴിയില്ല. അമിത വേഗത്തില്‍ പായുമ്പോള്‍ പലപ്പോഴും അപകടത്തില്‍പ്പെടും. സ്‌ഥിരം സഞ്ചരിക്കുന്നവരായതിനാലും നീന്തല്‍ അറിയാവുന്നവരായതിനാലും അപകടത്തില്‍ നിന്നു രക്ഷപ്പെടുമെന്നു മാത്രം. വാഹക ശേഷിയില്‍ അധികം യാത്രക്കാരെയും വസ്‌തുവകകളും കയറ്റുന്നതും കാലപ്പഴക്കവുമൊക്കെ അപകടങ്ങള്‍ക്കു കാരണമാകാറുണ്ട്.
കോട്ടയം – ആലപ്പുഴ, മുഹമ്മ – കുമരകം, മുഹമ – മണിയാപറമ്പ്, വൈക്കം – തവണക്കടവ് എന്നിങ്ങനെയായി ജില്ലയിലേക്ക് ജലഗതാഗത വകുപ്പിന്റെ ഒമ്പത് ബോട്ട് സര്‍വീസുണ്ട്, ഇവയില്‍ ഒരെണ്ണം റെസ്‌ക്യൂ ബോട്ടാണ്. നൂറിലേറെ ഹൗസ്‌ബോട്ടുകള്‍ കുമരകം മേഖലയില്‍ മാത്രമുണ്ട്. ഇതിലുമേറെ ശിക്കാര ബോട്ടുകള്‍, ഫൈബര്‍ ബോട്ടുകള്‍ എന്നിവയും. റിസോര്‍ട്ടുകളില്‍ ഉള്‍പ്പെടെ സ്‌പീഡ് ബോട്ടുകളുമുണ്ട്.
ഇതിനൊപ്പമാണ് സാധാരണക്കാരുടെയും മത്സ്യതൊഴിലാളികളുടെയും വള്ളങ്ങള്‍. കാറ്റും ശക്‌തമായ മഴയുമുണ്ടാകുമ്പോള്‍ യാത്രാ ബോട്ടുകള്‍ ഉള്‍പ്പെടെ കായലില്‍ കുടുങ്ങുന്നതു നിത്യസംഭവമാണ്.പോള ശല്യവും കായലിലെ മരക്കുറ്റികളും പലപ്പോഴും അപകടങ്ങളിലേക്കു നയിക്കുന്നു.
ഇവയൊന്നും പരിശോധിക്കാനോ നടപടിയെടുക്കാനോ പലപ്പോഴും അധികൃതര്‍ക്കു കഴിയാറില്ല. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെല്ലാം കാലപ്പഴക്കമേറിയവയാണ്. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലും ചെലവു കുറവാണെന്നതിനാലും യാത്രക്കാര്‍ ഉപയോഗിക്കുന്നുവെന്നു മാത്രം. മുഹമ – മണിയാപറമ്പ് റൂട്ടില്‍ ഉള്‍പ്പെടെ സൗരോര്‍ജ ബോട്ടുകള്‍ എത്തുമെന്ന് അധികൃതര്‍ അവകാശപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇതുവരെ എത്തിയിട്ടില്ല.