അനുദിനം തകർന്നുകൊണ്ടിരിക്കുന്ന കുട്ടനാടിനെയും വേമ്പനാട് കായലിനെയും സംരക്ഷിക്കാൻ സാധിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനായി വേമ്പനാട് ലേക്ക് അതോറിറ്റി രൂപീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ലോക്സഭയിൽ ആവശ്യപ്പെട്ടു.

Spread the love

കോട്ടയം :അനുദിനം തകർന്നുകൊണ്ടിരിക്കുന്ന കുട്ടനാടിനെയും വേമ്പനാട് കായലിനെയും സംരക്ഷിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനായി വേമ്പനാട് ലേക്ക് അതോറിറ്റി രൂപീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.

ലോക്സഭയിൽ റൂൾ 377 പ്രകാരമുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതീവ ജൈവ പ്രാധാന്യമുള്ളതും റാംസർ പട്ടികയിൽ ഉൾപ്പെട്ടതുമായ വേമ്പനാട് കായൽ പ്രദേശവും, കേരളത്തിൻ്റെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്നതുമായ കുട്ടനാടൻ പാടശേഖരങ്ങളും സംരക്ഷിക്കുവാൻ കേന്ദ്ര സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

48000 ത്തോളം ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്നതും പ്രതിവർഷം 1. 96 ലക്ഷം ടൺ നെല്ല് ഉൽപ്പാദിപ്പിക്കുന്ന കുട്ടനാടൻ പാടശേഖരങ്ങൾ സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് കിടക്കുന്നതും പ്രത്യേക ആവാസ വ്യവസ്തയുള്ളതുമായ പ്രദേശമാണ്. അതി തീവ്രമഴയും വെള്ളപ്പൊക്കവും മൂലം ഈ പാടശേഖരങ്ങളുടെ പുറം ബണ്ടുകൾ തകർന്ന് കൊണ്ടിരിക്കുകയാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 പ്രളയം ഉൾപ്പെടെയുള്ള നിരന്തര വെള്ളപ്പൊക്കങ്ങൾ മൂലം വേമ്പനാട്ട് കായലിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും വേമ്പനാട്ട് കായലിനെ നാശത്തിൻ്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്. എക്കലും വെയിസ്റ്റും അടിഞ്ഞ് വേമ്പനാട്ട് കായലിൽ വെള്ളം ഉൾക്കൊള്ളുന്നതിൻ്റെ അളവ് ക്രമാതീതമായി കുറഞ്ഞ് വരുകയാണ്. ഇതുമൂലം കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരന്തരം വെള്ളപ്പൊക്കമുണ്ടാകുകയാണ്.

കോട്ടയം, ആലപ്പുഴ,എറണാകുളം എന്നീ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വേമ്പനാട്ട് കായലിനെയും കുട്ടനാടിനെയും സംരക്ഷിക്കാൻ പ്രത്യേക പദ്ധതിയും ഫണ്ടും ആവശ്യമാണ്.

വേമ്പനാട് കായൽ പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനും തകർച്ചിയിലായ നെൽവയലുകളുടെ സംരക്ഷണ ബണ്ടുകളുടെ നിർമ്മാണത്തിനും പ്രത്യേക പദ്ധതി ഉണ്ടാകണം.

കർഷകരുടെ ഉപജീവനം സംരക്ഷിക്കുക കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ കേരളാ ഗവൺമൻ്റ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുള്ള “വേമ്പനാടിൻ്റെ ചതുപ്പ് മേഖലയുടെ പുനരുദ്ധാരണം കുട്ടനാടൻ മേഖലയുടെ വെള്ളപ്പൊക്ക,ലവണാംശംസ നിയന്ത്രണം” എന്ന പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക, സങ്കേതിക സഹായം നൽകി ലോക ഭൂപടത്തിൽ വളരെ പ്രധാന്യമുള്ള ഈ പൈതൃക കാർഷിക പരിസ്ഥിതി മേഖലയെ കേന്ദ്ര സർക്കാർ പ്രത്യേക അതോറിറ്റി രൂപീകരിച്ച് സംരക്ഷിക്കണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.